കുടുംബ സംഗമം രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

ഗാല്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പളളിയില്‍, അയര്‍ലണ്ട് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബ സംഗമത്തിന്റെ ഇടവക തലത്തിലുളള രജിസ്‌ട്രേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. ജൂണ്‍ 27 ശനിയാഴ്ച വി. കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. ബിജു പാറേക്കാട്ടില്‍ ഇടവകയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫോം നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

സെപ്റ്റംബര്‍ 25, 26, 27 (വെളളി, ശനി, ഞായര്‍) തീയതികളില്‍ ഡബ്ലിനിലെ കാസ്റ്റില്‍ നോക്ക് കോളേജില്‍ വച്ചാണ് കുടുംബ സംഗമം നടത്തപ്പെടുന്നത്. കുടുംബ സംഗമത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത നിവ. ദി. ശ്രീ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയുടെ മുഴുവന്‍ സമയ സാന്നിധ്യം ഉണ്ടായിരിക്കും.

കുടുംബ സംഗമത്തിന്റെ വിജയത്തിനായി ഭദ്രാസന തലത്തിലും ഇടവക തലത്തിലും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ‘ ദൈവകരം നമ്മോടു കൂടെ’ എന്ന ബൈബിള്‍ ചിന്തയെ ആസ്പദമാക്കി നടക്കുന്ന ഈ വര്‍ഷത്തെ കുടുംബ സംഗമം മാറിയ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന സുറിയാനി ക്രിസ്ത്യാനികള്‍ക്ക് അവരുടെ പാരമ്പര്യങ്ങളും ആചാരങ്ങളും നിലനിര്‍ത്തുവാനും വേദ പുസ്തക വീക്ഷണത്തില്‍ അവയെ ദര്‍ശിക്കുവാനും കഴിയുന്ന വിധത്തിലാണ് കുടുംബ സംഗമം ക്രമീകരിച്ചിരിക്കുന്നത്.

കുടുംബ ബന്ധങ്ങളുടെയും വ്യക്തി ബന്ധങ്ങളുടെയും പ്രാധാന്യത്തിലൂന്നിയുളള നിരവധി പഠിപ്പിക്കലുകളും തുറന്ന ചര്‍ച്ചകളും പ്രസ്തുത സംഗമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുളള കലാകായിക പരിപാടികളും കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.
നോബി സി. മാത്യു.

Share this news

Leave a Reply

%d bloggers like this: