തിരുവനന്തപുരം: അരുവിക്കരയില്‍ പോള്‍ ചെയ്ത വോട്ടില്‍ 39.61 ശതമാനവും നേടിയാണ് യുഡിഎഫിന്റെ ഉഗ്രന്‍ വിജയം.എല്‍ഡിഎഫിന് നേടാനായത് 32.50 ശതമാനം വോട്ട്. ബിജെപി നേടിയത് 23.96 ശതമാനം വോട്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ് അരുവിക്കരയില്‍ മുന്നണി പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും 2011ല്‍ സ്വന്തം പിതാവ് നേടിയ ഭൂരിപക്ഷമോ വോട്ടുവിഹിതമോ ഉറപ്പിക്കാനായില്ല.
2011ല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ അമ്പലത്തറ ശ്രീധരന് നായരെ 10,674 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ച ജി.കാര്ത്തികേയന് നേടിയത് 48.78 ശതമാനം വോട്ടാണ്. ശബരീനാഥന് 39.61 ശതമാനം വോട്ടേ നേടാന്‍ കഴിഞ്ഞുള്ളൂ.എല്‍ഡിഎഫ് അന്ന് നേടിയ 39.61 ശതമാനം വോട്ട് 2015 ല്‍ 32.50 ശതമാനമായി കുറഞ്ഞു. പ്രബലമുന്നണികള്ക്ക് ക്ഷീണമുണ്ടായപ്പോള്‍ ശക്തി കാട്ടിയതും നില മെച്ചപ്പെടുത്തിയതും ബിജെപിയാണ്. 2011ല്‍ വെറും 6.6 ശതമാനം വോട്ടില്‍ നിന്നുപോയ ബിജെപി, 2015ല്‍ ഒ.രാജഗോപാലിലൂടെ നേടിയെടുത്ത് 23.96 ശതമാനം വോട്ടാണ്.