ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളില്‍ റോമിങ് ചാര്‍ജ് എടുത്ത് കളയുന്നതിന് വേണ്ടിയുള്ള പ്രാഥമിക കരാറില്‍ എത്തി. 2017 ജൂണോടെ ആണ് റോമിങ് ഇല്ലാതാകുന്നത്. യഎസ്എയും ഏഷ്യയും കേന്ദ്രീകരിച്ച് ടെലികോം വിപണി വികസിപ്പിക്കുന്നതിനെക്കുറിച്ചും കരട് കരാര്‍ നടപടികള്‍ നിര്‍ദേശിക്കുന്നുണ്ട്. നലവിലെ കരാര്‍ പ്രകാരം 2017 ജൂണ്‍ പതിനഞ്ചോടെയാകും യൂറോപ്യന്‍ യൂണിയനില്‍ റോമിങ് സര്‍ച്ചാര്‍ജ് എടുത്ത് കളയുക. പന്ത്രണ്ട് മണിക്കൂറിലെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരട് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെയും അംഗരാജ്യങ്ങളുടെയും അനുമതി കൂടി കരാറിന് ലഭിക്കണം.
അതേ സമയം റോമിങ് ചാര്‍ജ് എടുത്ത് കളയുന്നത് 2018 ഡിസംബറോടെ മതിയെന്ന് പറയുന്ന രാജ്യങ്ങളും ഉണ്ട്. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളവര്‍ റോമിങ് ചാര്‍ജ് എടുത്ത് കളഞ്ഞാല്‍ ആഭ്യന്തരസര്‍വീസിന് കൂടുതല്‍ നിരക്ക് ഈടാക്കുമെന്ന് ഭയപ്പെടുന്നുണ്ട്. അതേ സമയം സ്പെയിന്‍,ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന നിരക്ക് മൂലം ഗുണം ലഭിക്കുന്നുണ്ട്. വിനോദസഞ്ചാരികള്‍ ധാരാളം വരുന്നതാണ് ഉയര്‍ന്ന നിരക്ക് ചില രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്നത്. നടപടി വൈകുന്നത് ഉപഭോക്തൃഗ്രൂപ്പുകള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കുന്നുണ്ട്.
ഇടക്കാല നടപടിയെന്ന നിലയില്‍ റോമിങ് ചാര്‍ജ് 2016 ഏപ്രിലില്‍ പരമാവധി റോമിങ് സര്‍ചാര്‍ജ് മിനിട്ടിന്/മെഗാബൈറ്റിനോ 0.05 യൂറോ ആക്കണമെന്ന് നിര്‍ദേശമുണ്ട്. 0.02യൂറോ ടെക്സ്റ്റ് ഒന്നിനും ഈടാക്കാനാണ് നിര്‍ദേശം. നിലവിലെ താരീഫ് നിരക്കിലും 75ശതമാനം കുറവാണ് ഇത്. റോമിങ് ചാര്‍ജിന് മേല്‍ യൂറോപ്യന്‍ കമ്മീഷന്‍ നിയന്ത്രണം 2007 മുതല്‍ കൊണ്ട് വന്നിരുന്നു. ഇത് പ്രകാരം രാജ്യാന്തര സര്‍വീസുകള്‍ക്കുള്ള ചെലവ് എണ്‍പത് ശതമാനം കുറഞ്ഞതായും പറയുന്നു.
ഇന്‍റ്‍നെറ്റ് ന്യൂട്രാലിറ്റിയുടെ ഭാഗമായി ടെലികോം അതോറ്റിറ്റികളോട് ബാലഅശ്ലീല ചിത്രങ്ങളോ, സൈബര്‍ ആക്രമണമോ പോലുള്ള കാരണങ്ങളല്ലാതെ സൈറ്റുകള്‍ തടഞ്ഞ് വെയ്ക്കരുതെന്ന് നിര്‍ദേശിക്കാനും നീക്കമുണ്ട്. ഇന്‍റര്‍നെറ്റ് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ 2016 ഏപ്രില്‍ മുപ്പത് മുതല്‍ നിലവില്‍ വരും.