ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളിയാക്കിക്കൊണ്ടുള്ള പരസ്യവുമായി ബംഗ്ലാദേശിലെ ദിനപത്രം

 

ധാക്ക: ലോകക്കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ എതിരാളിയെ കളിയാക്കിക്കൊണ്ടുള്ള ‘മോക്കാ’ വീഡിയോകള്‍ ശ്രദ്ധേയമായിരുന്നു. ഏകദിന പരമ്പരയില്‍ തോറ്റ ഇന്ത്യന്‍ ടീമിനെ കളിയാക്കി, കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ദിനപത്രത്തിലും ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ‘മോക്കാ’ വീഡിയോ പോലെ സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണാവുന്ന പരസ്യമല്ല ഇതെന്നാണ് ഇന്ത്യക്കാര്‍ അഭിപ്രായപ്പെടുന്നത്

ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി അടക്കമുള്ള കളിക്കാരുടെ, തല പാതി മുണ്ഡനം ചെയ്ത ചിത്രം ഉപയോഗിച്ചുള്ള പരസ്യം പ്രസിദ്ധീകരിച്ചത് പ്രമുഖ പത്രമായ ‘പ്രോത്തോം ആലോ’മാണ്. പരമ്പരയില്‍ 13 വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന്‍ കട്ടിംഗ് ബ്ലേഡ് പിടിച്ചുനില്‍ക്കുന്നതായും താഴെ ‘ഞങ്ങള്‍ ഇത് ഉപയോഗിച്ചു, നിങ്ങള്‍ക്കും ഉപയോഗിക്കാം’ എന്നെഴുതിയ ബാനറും പിടിച്ചുനില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രവുമാണ് കൊടുത്തിരിക്കുന്നത്. തല പാതി മുണ്ഡനം ചെയ്ത വിരാട് കോലി, ധോണി, രഹാനെ, ധവാന്‍, ജഡേജ, അശ്വിന്‍ എന്നിവരാണ് ധോണിക്കൊപ്പം ബാനറുമായി നില്‍ക്കുന്നത്.

ബംഗ്ലാദേശില്‍ നിര്‍മിച്ച, ടൈഗര്‍ സ്‌റ്റേഷനറി എന്ന ഉത്പന്നമാണിതെന്ന് പരസ്യത്തില്‍ വിവരിക്കുന്നു. മുര്‍താഫിസ് കട്ടര്‍ എന്ന പേരിലുള്ള ബ്ലേഡ്, മിര്‍പൂരിലെ സ്‌റ്റേഡിയം മാര്‍ക്കറ്റില്‍ ലഭിക്കുമെന്നും പറയുന്നു. സാങ്കല്‍പികമായ ഈയൊരു പരസ്യം, ബംഗ്ലാദേശുമായി നടന്ന ഏകദിന പരമ്പരയില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ കളിയാക്കാന്‍ വേണ്ടി മാത്രം തയാറാക്കിയതാണെന്ന് വ്യക്തം
-എജെ-

Share this news

Leave a Reply

%d bloggers like this: