മാഗിക്ക് പിന്നാലെ ടോപ് രാമെന്‍ നൂഡില്‍സിനും നിരോധിച്ചു

ഡല്‍ഹി: മാഗി, നോര്‍ നൂഡില്‍സുകളുടെ വില്‍പന നിരോധിച്ചതിന് പിന്നാലെ ടോപ്പ് രാമെനും ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിരോധിച്ചു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിരോധനം. ജപ്പാന്‍ കമ്പനിയായ ഇന്തോ നിസ്സിന്റെ ഉത്പന്നമാണ് ടോപ്പ് രാമെന്‍ ന്യൂഡില്‍സ്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഉത്പന്നം പിന്‍വലിച്ചതായി ഇന്തോ നിസ്സിന്‍ വ്യക്തമാക്കി.

അനുവദനീയമായതില്‍ക്കൂടുതല്‍ രാസഘടകങ്ങള്‍ കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്ന് മാഗി നൂഡില്‍സിന്റെ വില്‍പന ജൂണ്‍ എട്ടു മുതല്‍ രാജ്യത്ത് നിരോധിച്ചിരുന്നു. ആരോഗ്യത്തിന് ഹാനികരമായ ഈയവും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും (എം.എസ്.ജി) അനുവദനീയമായതിലും കൂടുതല്‍ അളവില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം മാഗി നൂഡില്‍സ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍മാതാക്കളായ നെസ്‌ലെയോട് ആവശ്യപ്പെട്ടത്.

മാഗി നിരോധിച്ചതിനെത്തുടര്‍ന്ന് ടോപ് രാമെന്റെയടക്കം മറ്റ് നൂഡില്‍സ് നിര്‍മാതാക്കളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി വിപണിയില്‍ നിന്ന് ശേഖരിച്ചിരുന്നു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അംഗീകാരമുള്ള സ്വതന്ത്ര ലാബുകളില്‍ ഇന്തോ നിസ്സിന്‍ നടത്തിയ പരിശോധനയിലും അനുവദനീയമായതിലും കൂടുതല്‍ രാസഘടകങ്ങള്‍ ടോപ് രാമെനില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഉല്‍പ്പന്നം വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്.

ടോപ് രാമെനുപുറമെ ഫൂഡില്‍സ്, പാസ്ത, വൈ വൈ, യിപ്പീ തുടങ്ങിയ ബ്രാന്‍ഡുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. മാഗി നൂഡില്‍സ് പിന്‍വലിച്ചതിനെത്തുടര്‍ന്ന് നെസ്‌ലെ 320 കോടി മൂല്യമുള്ള സ്‌റ്റോക്ക് വിപണിയില്‍ നിന്ന് തിരിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: