ജയ്പൂര്‍: ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ ഡ്രൈവര്‍ മഹേഷ് താക്കൂര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ഹേമമാലിനിയ്ക്ക് പരുക്കേറ്റിരുന്നു. ഇവരുടെ മെഴ്‌സിഡസ് കാര്‍ ഓള്‍ട്ടോ കാറിലിടിച്ച് ഒരു കുട്ടി മരിക്കുകയും ചെയ്തിരുന്നു. മഹേഷ് താക്കൂര്‍ അമിത വേഗതയിലാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
മെഹന്ദിപൂര്‍ ബാലാജി ക്ഷേത്ര ദര്‍ശനത്തിനു ശേഷം ജയ്പൂരിലേക്ക് പോയ ഹേമമാലിനിയുടെ കാര്‍ ലാല്‍സോട്ട് ബൈപാസില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. ഹേമമാലിനിയുടെ നെറ്റിയിലും മുഖത്തും കാലുകളിലുമാണ് പരുക്കേറ്റത്. ഇത് ഗൗരവമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഓള്‍ട്ടോ കാറില്‍ സഞ്ചരിച്ച കുടുംബത്തിലെ നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മഥുര എം.പിയാണ് ഹേമമാലിനി.