എ.ഡി.എമ്മിനെ എം.എല്‍.എ ഇ.എസ്.ബിജിമോള്‍ കൈയേറ്റം ചെയ്തു

കോട്ടയം: എംഎല്‍എമാരുടെ മാന്യത കളയുന്ന വിധത്തില്‍ ഇ.എസ്.ബിജിമോള്‍ എംഎല്‍എയുടെ കൈയ്യേറ്റം.  എ.ഡി.എമ്മിനെയാണ് കൈയേറ്റം ചെയ്തത്. മുണ്ടക്കയം പെരുവന്താനത്ത് ടി.ആര്‍.ടി കമ്പനിയുടെ ഗേറ്റ് തുറക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് ബിജിമോള്‍ എ.ഡി.എമ്മിനെ കൈയേറ്റം ചെയ്തത്.

രാവിലെ 11.30നായിരുന്നു സംഭവം. പെരുവന്താനത്ത് പ്രവര്‍ത്തിക്കുന്ന ടി.ആര്‍.ടി എന്ന കമ്പനിയുടെ എസ്‌റ്റേറ്റിലേക്ക് പോകുന്ന പ്രവേശന കവാടത്തില്‍ കമ്പനി അധികൃതര്‍ ഗേറ്റ് സ്ഥാപിക്കുകയും ടോള്‍ പിരിവ് നടത്തുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നാട്ടുകാര്‍ രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുകയും ഗേറ്റ് പൊളിച്ച് മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു. കമ്മിഷന്റെ ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി ഗേറ്റ് പൊളിച്ചു നീക്കി. എന്നാല്‍, ഗേറ്റ് പൊളിക്കുന്നതിനെതിരെ എസ്‌റ്റേറ്റിന്റെ ഉടമസ്ഥന്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയിരുന്നു.

ഇത് അറിയാതെയാണ് എ.ഡി.എം പൊളിച്ചു മാറ്റിയത്. സ്‌റ്റേ ലംഘിച്ച് ഗേറ്റ് പൊളിച്ചത് കോടതിയലക്ഷ്യമാവുമെന്ന് മനസിലാക്കിയ എ.ഡി.എം, പൊലീസിന്റെ സഹായത്താല്‍ ഇന്ന് ഗേറ്റ് പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജിമോളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ എ.ഡി.എമ്മിനെ ബിജിമോള്‍ പിടിച്ചു തള്ളി എന്നാണ് ആരോപണം.

അതേസമയം, താന്‍ ആരെയും കൈയേറ്റം ചെയ്തിട്ടില്ലെന്ന് ബിജിമോള്‍ പറഞ്ഞു. എന്നാല്‍, അനധികൃതമായി ഗേറ്റ് സ്ഥാപിക്കുന്നതിനെതിരേ പ്രക്ഷോഭം നടത്തുമെന്നും ബിജിമോള്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: