ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം രണ്ട് ലക്ഷം കോടി ഡോളറായെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. 2014ല്‍ രണ്ട് ലക്ഷം കോടി ഡോളര്‍ കടന്ന ജി.ഡി.പി ഇപ്പോള്‍ 2.067 കോടി ഡോളറിലാണ് നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ലക്ഷം കോടി ഡോളറിലെത്താന്‍ 60 വര്‍ഷങ്ങള്‍ എടുത്തു. പിന്നീട് ഏഴു വര്‍ഷത്തിനിടെയാണ് അടുത്ത ഒരു ലക്ഷം കോടി ഡോളര്‍ ഇന്ത്യ സമ്പദ് വ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥകളുടെ ഈ വര്‍ഷത്തെ പട്ടികയിലും ഇന്ത്യയുണ്ട്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂലധന നിക്ഷേപത്തിലും ഉയര്‍ച്ചയുണ്ടായതായി അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഇന്ത്യയുടെ ആളോഹരി വരുമാനം 2014ല്‍ ഒരു ലക്ഷം രൂപയില്‍ എത്തിയിട്ടുണ്ട്. തൊട്ടു മുന്നിലെ വര്‍ഷത്തെക്കാള്‍ കൂടുതലാണിത്. 2014ല്‍ 7.4 ശതമാനം ആയിരുന്നു ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്. ഇത് ചൈനയ്‌ക്കൊപ്പം അതിവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റി.
അതേസമയം, വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 1046 ഡോളര്‍ മുതല്‍ 4125 ഡോളര്‍ വരെ വരുമാനമുള്ള രാജ്യങ്ങളാണ് ഈ പട്ടികയില്‍ പെടുന്നത്.