ഭോപാല്‍: വ്യാപം കുംഭകോണമെന്നറിയപ്പെടുന്ന മധ്യപ്രദേശിലെ നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹ മരണം. പരീക്ഷയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ജബല്‍പുര്‍ എന്‍.എസ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.അരുണ്‍ ശര്‍മയെയാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഹോട്ടല്‍മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഈ കേസില്‍ സാക്ഷിയുടെ മാതാപിതാക്കളുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ മണിക്കൂറുകള്‍ക്കകം മരിച്ചിരുന്നു. പ്രമുഖ ചാനലായ ടിവി ടുഡേയിലെ മാധ്യമ പ്രവര്‍ത്തകനായ അക്ഷയ് സിംഗ് ആണ് മരിച്ചത്. ഇതിന് പിന്നാലെയാണ് ഡോ.അരുണ്‍ ശര്‍മയും മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്,
ഇതോടെ മധ്യപ്രദേശ് മുഖ്യമന്ത്രിയടക്കം രാഷ്ട്രീയക്കാര്‍ ആരോപണ വിധേയനായ വ്യപം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 26 ആയി.
ജബുവ പട്ടണത്തിലെ മേഘാനഗറില്‍ ശനിയാഴ്ച ഉച്ചക്കാണ് അക്ഷയ് സിംഗ് മരിച്ചത്. കേസില്‍ സാക്ഷിയായിരുന്ന നമ്രദ ദാമോറിന്റെ മാതാപിതാക്കളെ അഭിമുഖം നടത്തിയതിന് ശേഷം ഉടനെയായിരുന്നു അക്ഷയ് സിങ്ങിന്റെ മരണം. നമ്രദ ദാമോദറിന്റെ വീടിന് പുറത്ത് കാത്തിരിക്കുമ്പോള്‍ വായില്‍നിന്ന് നുരയും പതയും വന്നു അക്ഷയ്‌സിങ് അവശനായി. ഉടനെ നമ്രദ ദാമോദറിന്റെ കുടുംബം ഇയാളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കേസില്‍ സാക്ഷിയായ നമ്രദ ദാമോദറിന്റെ മൃതദേഹം മൂന്ന് വര്‍ഷം മുമ്പ് ഉജ്ജയിനിലെ റെയില്‍വേ പാളത്തില്‍നിന്നാണ് കണ്ടെടുത്തത്. ഫോണില്‍ വിളിച്ച ശേഷം ശനിയാഴ്ച ഉച്ചക്കാണ് അക്ഷയും രണ്ടു സഹപ്രവര്‍ത്തകരും നമ്രദയുടെ വീട്ടിലെത്തിയത്.
-എജെ-