ബെയ്‌റേലി: ‘ഒരു കൊലപാതകമില്ലാതെ കവര്‍ച്ച പൂര്‍ണമാകില്ല’ പത്ത് വര്‍ഷത്തിനിടെ സല്‍മാന്‍ 57 പേരെ വധിച്ച ഉത്തര്‍പ്രദേശ് സ്വദേശി സല്‍മാന്‍ ഖാന്‍ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. സല്‍മാന്റെ കുറ്റസമ്മതം യുപി പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.
16 വയസ്സുള്ളപ്പോഴായിരുന്നു സല്‍മാന്റെ ആദ്യകൊലപാതകം. പത്ത് കൊല്ലംകൊണ്ട് റോഹില്‍ഗന്ധിലെ കവര്‍ച്ചാസംഘത്തിന്റെ തലവനായുള്ള വളര്‍ച്ച. കവര്‍ച്ചാക്കേസില്‍ അടുത്തിടെ പിടിയിലായപ്പോഴാണ് സല്‍മാന്‍ തന്റെ ‘കൊലപാതക ചരിത്രം’ പൊലീസിനോട് തുറന്നുപറഞ്ഞത്. രാജ്യത്തെ കുപ്രസിദ്ധനായ രണ്ടാമത്തെ സീരിയല്‍ കില്ലര്‍ എന്ന വിശേഷണമാണ് സല്‍മാന് ഇതോടെ ലഭിച്ചിരിക്കുന്നത്. 150 പേരെ കൊന്ന ബേഹ്‌റാം സിംഗ് ആണ് സീരിയല്‍ കില്ലര്‍മാരില്‍ മുന്‍നിരയില്‍. സല്‍മാനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ നിഷ്ടൂരമായ കുറ്റകൃത്യങ്ങളുടെ കഥയാണ് ചുരുളഴിഞ്ഞതെന്ന് ബെയ്‌റേലി എസ്പി അസിത് ശ്രീവാസ്തവ പറഞ്ഞു. ബെയ്‌റേലി, ബദ്വാന്‍, പിലിബിത്ത്, കന്നൗജ്, ഷഹജന്‍പുര്‍, കാണ്‍പുര്‍, ഹര്‍ദോയി എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി സല്‍മാന്‍ ഖാനും സംഘാംഗങ്ങളും ചെയ്ത കുറ്റകൃത്യങ്ങള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
കവര്‍ച്ച നടത്തുന്നത് കണ്ടവരെയാണ് സല്‍മാനും സംഘം കൂടുതലും വധിച്ചത്. കൊലപാതകങ്ങളെക്കുറിച്ച് കുറ്റസമ്മതം നടത്തുമ്പോള്‍ സല്‍മാന് പശ്ചാത്താപമൊന്നും ഉണ്ടായിരുന്നില്ലെന്നും എസ്പി പറഞ്ഞു. സല്‍മാന്റെ അനുയായികള്‍ നിയന്ത്രിക്കുന്ന എട്ട് കവര്‍ച്ചാസംഘങ്ങള്‍ മേഖലയിലുണ്ട്. ഈ ഗ്യാങ്ങുകളെല്ലാം പരസ്പര സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കവര്‍ച്ചാ കേസുകളില്‍ അറസ്റ്റിലാകുന്നവരെ വ്യാജ ജാമ്യ ബോണ്ടില്‍ ജയില്‍ നിന്നും ഇറക്കുന്ന അഭിഭാഷകരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കവര്‍ച്ച കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയരാകുന്നവര്‍ യഥാര്‍ത്ഥ വിലാസം നല്‍കാത്തതും പൊലീസിനെ വലയ്ക്കുന്നു.
-എജെ-