തിരുവനന്തപുരം: കേരള തീരത്തു സംശാസ്പദമായി കണ്ട ബോട്ടില്‍നിന്ന് 12 ഇറാന്‍ പൗരന്മാരെ പിടികൂടി. ഇവരില്‍നിന്ന് പാക് ഐഡി കാര്‍ഡ് കണ്ടെത്തി. ഇന്നലെ രാത്രിയാണ് തീര സംരക്ഷണ സേന ബോട്ട് പിടികൂടിയത്. ഇറാന്‍ പൗരന്മാര്‍ക്കെതിരെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനു കേസെടുത്തു.
മയക്കുമരുന്നും ആയുധവും കടത്തുന്ന സംഘം കടല്‍മാര്‍ഗം യാത്ര ചെയ്യുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ബോട്ട് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ തീരത്താണു ബോട്ട് കണ്ടെത്തിയത്. ഇവര്‍ ഉപയോഗിച്ച വയര്‍ലസില്‍നിന്നുള്ള സിഗ്‌നലുകളില്‍നിന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം തീര സംരക്ഷണ സേനയ്ക്കു കൈമാറുകയായിരുന്നുു.
12 പേരെയും തീരസംരക്ഷണ സേനയുടെ ബോട്ടില്‍ വിഴിഞ്ഞത്ത് എത്തിച്ചു. തീവ്രവാദ ബന്ധമുള്ളവരാണെന്ന സംശയത്തെത്തുടര്‍ന്ന് ഐബിയും പൊലീസും ഇവരെ മണിക്കൂറോളം ചോദ്യം ചെയ്തു. മത്സ്യബന്ധന തൊഴിലാളികളാണെന്നും, മെയ് 25ന് ഇറാനില്‍ നിന്നും പുറപ്പെട്ട ശേഷം എന്‍ജിന്‍ തകറാറിലായതിനെത്തുടര്‍ന്ന് ഒഴുകി നടക്കുകയാണെന്നുമാണു പിടിയിലായവര്‍ പറഞ്ഞത്. ചോദ്യം ചെയ്യലില്‍ ഭാഷ ഒരു പ്രശ്‌നമായിരുന്നു.
ഇറാന്‍ ഭാഷ അറിയാവുന്ന ഒരാളെ കൊണ്ടുവന്നാണ് വിശദമായി ചോദ്യം ചെയ്യതത്. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇവര്‍ നല്‍കുന്നത്. ഫൊറന്‍സിക്, ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥര്‍ ബോട്ട് പരിശോധിച്ചു. മൈതമാവും, സവാളയും, മീന്‍വലയും, പാകിസ്ഥാന്‍ കറന്‍സികളും ബോട്ടില്‍ നിന്നും കണ്ടെത്തി. സ്‌ഫോടക വസ്തുക്കളോ മയക്കുമരുന്നോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖകളൊന്നുമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിനുശേഷം 12 പേരെയും കേരള പൊലീസിന് കൈമാറി. വിഴിഞ്ഞം തീരദേശ പൊലീസ് സ്‌റ്റേഷനില്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലും ഇവരെ മണിക്കൂറോളം ചോദ്യം ചെയ്തു.
-എജെ-