വ്യാപം കുംഭകോണം:ഒരാള്‍ കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

 

ഭോപ്പാല്‍: മധ്യപ്രദേശിലെ നിയമന അഴിമതിയായ വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ടു ഒരാളെക്കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ രമാകാന്ത് പാണ്ഡെയാണു മരിച്ചത്. ഇയാളെ വ്യാപം തട്ടിപ്പുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെയും ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. മധ്യപ്രദേശിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി അനാമിക കുശ്‌വാഹയെയാണു തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തടാകത്തിലാണു അനാമികയുടെ മൃതദേഹം കണ്ടെത്തിയത്. അനാമികയ്ക്കു ജോലി ലഭിച്ചതു വ്യാപം പ്രവേശന തട്ടിപ്പിലൂടെയാണന്നു നേരത്തേ ആക്ഷേപമുണ്ടായിരുന്നു.

രമാകാന്ത് കൂടി മരണപ്പെട്ടതോടെ സംഭവവുമായി ബന്ധപ്പെട്ടു ദുരൂഹ സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിലുള്ള ജബല്‍പുര്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. അരുണ്‍ ശര്‍മയെ (64) ഡല്‍ഹിയിലെ ഹോട്ടലില്‍ ഞായറാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

മധ്യപ്രദേശ് പ്രഫഷണല്‍ പരീക്ഷാ ബോര്‍ഡ് (മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍- വ്യാപം) 2009ല്‍ നടത്തിയ നിയമന പരീക്ഷകളില്‍ വ്യാപക ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട അഴിമതിയാണു വ്യാപം കുംഭകോണം എന്ന പേരില്‍ അറിയപ്പെടുന്നത്. നിയമനങ്ങളില്‍ ഇടപെട്ടു എന്നാരോപിച്ചു ഗവര്‍ണര്‍ രാം നരേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണസംഘം കേസെടുത്തിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മന്ത്രിമാരും കുഭകോണത്തില്‍ ഉള്‍പ്പെട്ടതായി ആരോപണം നേരിടുന്നുണ്ട്.

അതേസമയം വ്യാപം കുംഭകോണത്തില്‍നിന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കുംഭകോണവുമായി ബന്ധമുള്ളവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത് മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കരുത്. അഴിമതി കേസുകളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം വെടിയണമെന്നും അദ്ദേഹത്തിനും കേസിന്റെ ധാര്‍മിക ഉത്തരവാദിത്വം ഉണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നാണു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. സര്‍ക്കാരിലെ ഉന്നതരെല്ലാം അറിഞ്ഞുകൊണ്ടുള്ള കുംഭകോണമാണ് നടന്നതെന്നും മുഖ്യമന്ത്രിക്കും ഇക്കാര്യം അറിവുണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: