ഹിതപരിശോധനയിലെ ജയത്തിന് പിന്നാലെ ഗ്രീസ് ധനമന്ത്രി രാജിവെച്ചു

 

ഏതന്‍സ്: ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്റെയും ധനകാര്യ സ്ഥാപനങ്ങളുടെ ഉപാധികള്‍ക്ക് വഴങ്ങേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് ജനഹിത പരിശോധയില്‍ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഗ്രീക്ക് ധനമന്ത്രി യാനിസ് വരൗഫാകിസ് രാജിവെച്ചു. യൂറോപ്യന്‍ ധനകാര്യ സ്ഥാപനങ്ങളുമായി പ്രധാനമന്ത്രി അലക്‌സി സിപ്രാസിന് പുതിയ ഉടമ്പടിയിലെത്തിച്ചേരാന്‍ തന്റെ രാജി സഹായിക്കും എന്ന് വ്യക്തമാക്കി ബ്ലോഗിലൂടെയാണ് വരൗഫാകിസ് രാജി പ്രഖ്യാപിച്ചത്. തനിക്ക് പകരം പുതിയ ധനമന്ത്രിയെ കണ്ടെത്തണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

യൂറോപ്യന്‍ യൂണിയന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും വ്യവസ്ഥകള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന അഭിപ്രായത്തിന് ജനങ്ങള്‍ അംഗീകാരം നല്‍കിയില്‍ അഭിമാനിക്കുന്നുവെന്ന് വരൗഫാകിസ് പറഞ്ഞു. പ്രധാനമന്ത്രിയെ സഹായിക്കുകയായിരുന്നു തന്റെ കര്‍ത്തവ്യമെന്നും തങ്ങള്‍ ഏറ്റെടുത്ത ദൗത്യത്തിന് ജനങ്ങളുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ് ഈ സാഹചര്യത്തില്‍ പുതിയ ഉടമ്പടികള്‍ തയ്യാറാക്കുമ്പോള്‍ തന്റെ സ്ഥാനം പ്രധാനമന്ത്രി സിപ്രാസിന് മുന്നില്‍ വെല്ലുവിളിയായി മാറരുതെന്നും അതിനാല്‍ ധനമന്ത്രി സ്ഥാനത്തുനിന്ന് താന്‍ ഒഴിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ സാമ്പത്തിക പ്രതിസന്ധയില്‍ നട്ടം തിരിയുന്ന ഗ്രീസില്‍ നടന്ന ജനഹിത പരിശോധനയില്‍ സര്‍ക്കാറിന് അനുകൂലമായി ജനങ്ങള്‍ വോട്ട് ചെയ്തിരുന്നു. വായ്പാ ദാതാക്കള്‍ മുന്നോട്ടുവെച്ച കടുത്ത നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും അഭിപ്രായം രേഖപ്പെടുത്തി. വോട്ടെടുപ്പില്‍ പങ്കെടുത്ത 61.3 % ആളുകളും നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി ‘നോ’ എന്ന് വോട്ട് ചെയതപ്പോള്‍ 38.7% മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
-എജെ-

Share this news

Leave a Reply

%d bloggers like this: