ഡബ്ലിന്‍: കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ സൈക്ക്യാട്രിക് യൂണിറ്റ് തുറക്കുന്നതിന് ഒരു പടികൂടി അടുക്കുന്നു. പതിനഞ്ച് മില്യണ്‍ യൂറോ ചെലവഴിച്ച് നിര്‍മ്മിച്ച യൂണിറ്റ് നഴ്സുമാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തുറക്കുന്നത് വൈകുകയായിരുന്നു. കഴിഞ്ഞ ദിവസം നഴ്സുമാര്‍ ട്രാന്‍സഫറിന് സമ്മതിച്ചതോടെ വലിയൊരു കടമ്പ കടന്നിരിക്കുകയാണ്.
എസ്ഐപിടിയു യൂണിയനില്‍ നിന്നുള്ള നഴ്സുമാര്‍ അഞ്ചിനെതിരെ പതിനേഴ് വോട്ടിനാണ് തീരുമാനം അംഗീകരിച്ചത്. ഒരാഴ്ച്ച മുമ്പ് സൈക്യാട്രിക് നഴ്സസ് അസോസിയേഷനും സമാനമായ തീരുമാനം കൈക്കൊണ്ടിരുന്നു. എച്ച്എസ്ഇ പുതിയതായി മുന്നോട്ട് വെച്ച നിര്‍ദേശങ്ങളെ തുടര്‍ന്നാണ് അനുകൂല തീരുമാനം ഉണ്ടായത്.
നേരത്തെ നിലവിലുള്ള മാനസികാരോഗ്യ പരിചരണ വാര്‍ഡുകളില്‍ നിന്ന് പുതിയതിലേക്ക് മാറാന്‍ ജീവനക്കാര്‍ സമ്മതിച്ചിരുന്നില്ല. പ്രധാന പ്രശ്നമായിരുന്നത് പുതിയ യൂണിറ്റില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് സുരക്ഷിതത്വം കുറക്കുന്നു എന്നതായിരുന്നു. അമ്പത് കിടക്കകളുള്ളതാണ് പുതിയ യൂണിറ്റ്.
ജനുവരിയില്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു യൂണിറ്റ്. എന്നാല്‍ ഇതിനെതിരെ തൊഴിലാളി യൂണിയനുകള്‍ രംഗത്ത് വന്നു. നേരത്തെ നിശ്ചയിച്ചതിലും കൂടുതല്‍ ജീവനക്കാരെ എടുക്കുമെന്നാണ് പുതിയ നിര്‍ദേശത്തിലുള്ളത്. കൂടാതെ ആറ് കിടക്കകളുള്ള ഹൈ ഓബ്സര്‍വേഷന്‍ യൂണിറ്റ് കൂടി സമീപ ഭാവിയില്‍ പ്രവര്‍ത്തിക്കും.