ബഹുതാര ചിത്രങ്ങളാണ് പുതിയ ട്രെന്‍ഡാകുന്നത്. പരസ്യചിത്ര സംവിധായകനായ ജയന് കെ.നായര്‍ സംവിധാനം ചെയ്യുന്ന ഹലോ നമസ്തേയും അത്തരത്തിലൊരു ചിത്രമാണ്. മലയാളി താരങ്ങളായ ഭാവന, മിയ ജോര്‍ജ് എന്നിവര്‍ ആദ്യമായി ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. മുഴുനീള എന്റര്‍ടെയിനറായിരിക്കും ചിത്രം.
ബേക്കറി സാധനങ്ങള്‍ തയ്യാറാക്കുന്ന ജോലിക്കാരിയാണ് ഭാവന. ആര്.ജെയായ വിനയ് ഫോര്‍ട്ടാണ് ഭാവനയുടെ ഭര്‍ത്താവ്. മിയ എച്ച്.ആര് മാനേജറിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. മിയയുടെ കാമുകന് സഞ്ജു ശിവറാം വിനയുടെ സഹപ്രവര്‍ത്തകനാണ്. മിയയുടെ പ്രതിശ്രുത വരന്റെ വേഷം അവതരിപ്പിക്കുന്നത് അജു വര്‍ഗീസാണ്.
ഹ്യൂമറിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വളരെ സരളമായൊരു കഥാഗതിയാണുള്ളത്. ഒരു പ്ലാവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. സൗഹൃദത്തിന്റെ ചൂടും ചൂരും വെളിപ്പെടുത്തുന്ന ഈ ചിത്രം എല്ലാ പ്രായത്തിലുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടമാകുമെന്ന് തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര പറയുന്നു. നിലവില്‍ സജി സുരേന്ദ്രന്റേയും രാധാകൃഷ്ണന് മംഗലത്തിന്റേയും ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുന്നതിന്റെ തിരക്കിലാണ് കൃഷ്ണ.
സൗബിന് സാഹിര്‍, മുകേഷ്, മുത്തുമണി, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. പി.സുകുമാരന്‍ കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എം.ജയചന്ദ്രനാണ്. സെപ്തംബര്‍ 15ന് കൊച്ചിയില്‍ വച്ചായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.