വിഴിഞ്ഞം, അദാനിയെ കൊണ്ടു വരുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് എതിര്‍പ്പ്

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞ തുറമുഖ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കുന്നതിനുള്ള സമ്മതപത്രം പുറത്തിറങ്ങാത്തത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ള അതൃപ്തി കൊണ്ടാണെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത് അദാനിയ്ക്ക് കരാര്‍ നല്‍കുന്നതില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി കേരള നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതോടെ വിഴിഞ്ഞം പദ്ധതിയുടെ ഭാവിയെ കുറിച്ച് വീണ്ടും അനിശ്ചിതത്വം ഉയര്‍ന്നു.

കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കി കൊണ്ടുള്ള സമ്മതപത്രം വെള്ളിയാഴ്ച കൈമാറാനാണിരുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇതിന് കഴിഞ്ഞില്ല. അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് സമ്മതപത്രം കൈമാറാത്തത് എന്നാണ് മുഖ്യമന്ത്രിയുടേയും തുറമുഖ മന്ത്രിയുടേയും ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രധാന നേട്ടമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയതാണ് വിഴിഞ്ഞം പദ്ധതി. തിരഞ്ഞെടുപ്പിന് ശേഷം സമ്മതപത്രം കൈമാറാനും മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കുന്നതില്‍ രാഹുല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു എന്നാണ് സൂചന. എന്നാല്‍, വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം നോക്കരുതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഇതിന് പിന്നാലെയാണ് രാഹുല്‍ കെ.പി.സി.സി നേതൃത്വത്തെ അതൃപ്തി അറിയിച്ചത്. മോദിയുമായി അടുത്ത ബന്ധമുള്ള അദാനിയ്ക്ക് കരാര്‍ നല്‍കുന്നത് ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ പ്രക്ഷോഭം നടത്തുന്ന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്നാണ് രാഹുലിന്റെ നിലപാട്.

Share this news

Leave a Reply

%d bloggers like this: