ന്യൂഡല്‍ഹി: വ്യാപം കുംഭകോണത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോള്‍ പാര്‍ട്ടികക്കത്ത് നിന്നുള്ള വിമത ശബ്ദങ്ങള്‍ ബിജെപിയ്ക്ക് തലവേദനയാകുന്നു.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിമാരായ ഉമാഭാരതിയും ബാബുലാര്‍ ഗൗറും രംഗത്തെത്തിയത് ബിജെപിയെ പ്രതിരോധത്തിലാക്കിയത്. വ്യാപം കുംഭകോണത്തില്‍ സുപീം കോടതിയോ ഹൈക്കോടതിയോ നിര്‍ദ്ദേശിക്കാതെ സിബിഐ അന്വേഷണത്തിനില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപിക്കകത്ത് നിന്ന് വിമതശബ്ദമുയര്‍ന്നത്.
ശിവരാജ് സിംഗ് ചൗഹാനെ പരോക്ഷമായി വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയ മുന്‍ മുഖ്യമന്ത്രിയും നിലവിലെ ആഭ്യന്തരമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ വ്യാപം കുംഭകോണം സംസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് പറഞ്ഞു. വ്യാപം തട്ടിപ്പില്‍ ആരോപണവിധേയനായ ഗവര്‍ണര്‍ രാം നരേഷ് യാദവിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടന്ന തീരുമാനം തന്നോടാലോചിക്കാതെ എടുത്തതാണെന്ന് ഗൗര്‍ ആരോപിച്ചു.
സംസ്ഥാനത്തെ സ്ഥിതി ഭയപ്പെടുത്തുന്നതാണെന്നും വ്യാപം തട്ടിപ്പില്‍ ആദ്യം സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് താനാണെന്നും കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞു.പാര്‍ട്ടി അധികാരത്തിലുള്ള രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അഴിമതി ആരോപണങ്ങളില്‍ കുരുങ്ങുന്നത് പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ ബിജെപി കേന്ദ്രനേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്.. ലളിത് മോദി വിവാദത്തിന് പിന്നാലെ ബിജെപിക്കെതിരെ മറ്റൊരു ആയുധം ലഭിച്ച കോണ്‍ഗ്രസ് ആക്രമണം കൂടുതല്‍ ശക്തമാക്കി.
തുടര്‍ച്ചയായി ഉയരുന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.. വ്യാപം തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് സിംഗിന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തി.. വ്യാപം കുംഭകോണവുമായി ബന്ധമുള്ള 46 പേരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.