ന്യൂയോര്‍ക്ക്: ന്യൂ ജഴ്‌സിയില്‍ ഇന്ത്യക്കാരനു നേരെ വംശീയാക്രമണം. രോഹിത് പട്ടേല്‍ (57) ആണ് ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് നൈല്‍ കില്‍ഗോല്‍ എന്ന 24കാരനെ അറസ്റ്റു ചെയ്തുവെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞയാഴ്ച നോര്‍ത്ത് ബ്രൂണ്‍സ്‌വികില്‍ വച്ചാണ് പട്ടേലിനു നേര്‍ക്ക് ആക്രമണമുണ്ടായത്. പ്രഭാത നടത്തത്തിനിറങ്ങിയ പട്ടേലിനെ അക്രമി പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിലത്തുവീണ പട്ടേലിന്റെ പല്ലുകള്‍ ഒടിയുകയും നെറ്റിയില്‍ മാരകമായി മുറിവേല്‍ക്കുകയും ചെയ്തിരുന്നു. രക്തംവാര്‍ന്നു റോഡില്‍ കിടന്ന പട്ടേലിനെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഇന്ത്യക്കാരനാണെന്ന് മനസ്സിലാക്കിയാണ് അക്രമി പട്ടേലിനെ പിന്തുടര്‍ന്നതെന്നും പ്രദേശത്ത് സമാനമായ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും പോലീസ് പറയുന്നു.
അതേസമയം, അക്രമിക്ക് ജാമ്യം ലഭിക്കാനിടയായ സംഭവത്തെ പട്ടേലിന്റെ മകന്‍ ദീപന്‍ വിമര്‍ശിച്ചു. തുടര്‍ച്ചയായി വംശീയാക്രമണങ്ങള്‍ നടത്തുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഒറ്റരാത്രി കൊണ്ട് ജാമ്യം നേടി പുറത്തിറങ്ങാന്‍ കഴിഞ്ഞതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നു ദീപന്‍ പറഞ്ഞു. പട്ടേലിനെ ആക്രമിച്ചതിനെ തുടര്‍ന്ന് പ്രദേശത്തുള്ള ഇന്ത്യന്‍ വംശജര്‍ ഭീതിയിലാണ്. പട്ടേലും ഭാര്യയും രണ്ടു മാസം മൂന്‍പാണ് ലണ്ടനില്‍ നിന്നും യു.എസില്‍ എത്തിയത്. തിരികെ ലണ്ടനിലേക്ക് പോകാനുള്ള തിരുമാനത്തിലാണിവര്‍.
ഇന്ത്യന്‍ വംശജര്‍ ഏറെയുള്ള ന്യൂയോര്‍ക്കിലും ന്യുജഴ്‌സിലും അടുത്തകാലത്തായി മോഷണങ്ങളും വംശീയാധിക്രമങ്ങളും തുടര്‍ച്ചയാണ്. പ്രത്യേകിച്ച് ദീപാവലി പോലെയുള്ള ഉത്സവ സമയങ്ങളില്‍ ഇന്ത്യക്കാരുടെ വീടുകളില്‍ കവര്‍ച്ച വ്യാപകമാണ്. ഈ സമയങ്ങളില്‍ വീടുകളില്‍ കൂടുതല്‍ ആഭരണങ്ങളും പണവും കാണുമെന്ന പ്രതീക്ഷയിലാണ് മോഷ്ടാക്കള്‍.
ഈ വര്‍ഷം ആദ്യം അലബാമയില്‍ ഇന്ത്യക്കാരന്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് തളര്‍ന്നുപോയ അവസ്ഥയുമുണ്ടായിരുന്നു. മകനെ സന്ദര്‍ശിക്കാനെത്തിയ സുരേഷ്ഭായി പട്ടേലി (57)നായിരുന്നു ഈ ദുരനുഭവം.