വ്യാപം അഴിമതി എന്ത്, ആരോപണ വിധേയരില്‍ മുഖ്യമന്ത്രിയുടെ ഭാര്യയുള്‍പ്പടെ പ്രമുഖര്‍

വ്യാപം അഴിമതിയുടെ ചരിത്രം 2003-2009 ല്‍ തുടങ്ങുന്നു. 2013ല്‍ മാത്രമാണ് ഇതിന്റെ ചില വിശദാംശങ്ങള്‍ പുറത്തുവന്നത്. മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാവസായിക് പരീക്ഷാ മണ്ഡല്‍) ഏതാണ്ട് ആറുവര്‍ഷമായി കോഴ്‌സുകളിലേക്കും ജോലികളിലേക്കുമായി നടത്തിയ വിവിധ പ്രവേശനപ്പരീക്ഷകളില്‍ ക്രമക്കേട് നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. 2000 കോടിയിലേറെ രൂപയാണ് കൈക്കൂലിയായി നല്‍കപ്പെട്ടതെന്ന് കണ്ടെത്തി. ആയിരത്തി എണ്ണൂറോളം പേരെ അറസ്റ്റുചെയ്തു. എഴുനൂറോളം പേര്‍ക്കായി തിരച്ചില്‍ നടക്കുന്നു.

മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡലിന്റെ ചുരുക്ക രൂപമാണ് വ്യാപം. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കുന്നവര്‍ മാത്രമെ ആ കാലയളവില്‍ സര്‍ക്കാര്‍ പ്രവേശന പരീക്ഷകളില്‍ വിജയിച്ചിരുന്നുള്ളു. അയോഗ്യരായ ആയിരക്കണക്കിന് യുവതി യുവാക്കള്‍ക്ക് പല സര്‍ക്കാര്‍ പദവികളില്‍ നിയമനം കിട്ടി.

മൂന്ന് രീതിയിലായിരുന്നു തട്ടിപ്പ്. ഒന്ന്. കോഴനല്‍കി ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതല്‍, രണ്ട്. പരീക്ഷാര്‍ത്ഥികള്‍ക്ക് ശരിയുത്തരം കാണിച്ചുകൊടുക്കാന്‍ തട്ടിപ്പ് സംഘത്തിലെ ഒരു അംഗത്തെ നിയോഗിക്കല്‍, മൂന്ന്. ഒ.എം.ആര്‍ ഷീറ്റില്‍ ഒന്നും ഏഴുതാതെ പിന്നീട് അത് പൂരിപ്പിച്ച് വിജയിപ്പിക്കുക. അങ്ങനെപോകുന്നു വ്യാപത്തിന്റെ ചരിത്രം.

അഴിമതി പുറത്തായതോടെയാണ് ആരോപണം നേരിട്ടവരും, അതിന് പുറകെ പോയവരുമൊക്കെ ദുരൂഹ സാഹചര്യത്തില്‍ മരിക്കാന്‍ തുടങ്ങിയത്. ട്രയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത നിലയിലും, തൂങ്ങി മരിച്ച നിലയിലുമൊക്കെ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. വ്യാപം കേസുമായി ബന്ധമുള്ളവരാണ് മരണിലേക്ക് നയിക്കപ്പെടുന്നതെന്നതാണ് ഈ കുംഭകോണത്തിലെ ഏറ്റവും വലിയ പ്രത്യേകത. മണിക്കൂറുകളുടെ ഇടവേളകളിലാണ് അസ്വാഭാവികമായി ആളുകള്‍ മരിച്ചു കൊണ്ടിരിക്കുന്നത്. അഴിമതി അന്വേഷിച്ചുപോയ പ്രമുഖ ചാനലായ ടിവി ടുഡേയിലെ മാധ്യമ പ്രവര്‍ത്തകനായ അക്ഷയ് സിംഗ് മരിച്ചത് കേസിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

തട്ടിപ്പുകേസിലെ സാക്ഷിയുടെ മാതാപിതാക്കളുടെ അഭിമുഖം എടുത്തതിന് തൊട്ടു പിന്നാലെയായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മരണം. അന്വേഷണത്തെ സഹായിച്ച ജബല്‍പ്പൂരിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മ്മ, മധ്യപ്രദേശ് ഗവര്‍ണറുടെ മകന്‍ ശൈലേഷ് യാദവ് തുടങ്ങി നിരവധിപേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.ശൈലേശ് യാദവിന്റെ മരണം തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ വീട്ടുകാര്‍ തന്നെ മറച്ചു വെക്കുകയായിരുന്നു. അതിലൂടെ മറ്റു മരണങ്ങളുടെ ദുരൂഹതകളുടെ ആഴം നമുക്ക് മനസിലാക്കാം.

പ്രധാന പ്രതികളെയും സാക്ഷികളെയും ഇല്ലാതാക്കി കേസ് തന്നെ വഴി തിരിച്ച് വിട്ടാനുള്ള ശ്രമങ്ങളാണ് ഈ ദുരൂഹ മരണങ്ങള്‍ക്ക് പിന്നില്‍ നടക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ 2004ല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ എസ്.ഐ.ടിക്ക് രൂപം നല്‍കിയിരുന്നു. പക്ഷെ, ഇതുവരെ ദുരൂഹതകള്‍ നീങ്ങുന്നില്ല.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാരും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുമൊക്കെ അഴിമതിക്ക് കൂട്ടുനിന്നതായാണ് ആരോപണം. അഴിമതി ആരോപണം നേരിട്ടവരും സാക്ഷികളും മാധ്യമപ്രവര്‍ത്തകരുമടക്കം ഇതുവരെ 26 പേര്‍ മരിച്ചു.

അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം പേര്‍ മധ്യപ്രദേശിലെ വിവിധ ജയിലുകളിലുണ്ട്. പലരും യുവതി യുവാക്കളും രക്ഷിതാക്കള്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവന്നവരും ഉണ്ട്. മുന്‍ മന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, അദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പടെ നിരവധിപേര്‍ വ്യാപം അഴിമതിയില്‍ ആരോപണം നേരിടുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളില്ല.

Share this news

Leave a Reply

%d bloggers like this: