സോളാര്‍ കേസ്: സരിതയെ ജയില്‍ സൂപ്രണ്ട് സഹായിച്ചിരുന്നുവെന്ന് അറ്റന്‍ഡറുടെ മൊഴി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ അട്ടക്കുളങ്ങര ജയിലില്‍ കഴിയുമ്പോള്‍ രജിസ്റ്ററില്‍ നിന്നു പേരുകള്‍ വെട്ടിമാറ്റിയതില്‍ ജയില്‍ സൂപ്രണ്ട് നസീറ ബീവിയ്ക്കും പങ്കുണ്ടെന്ന് അറ്റന്‍ഡര്‍ ശ്രീരാമന്റെ മൊഴി. സോളാര്‍ കമ്മീഷനു മുമ്പാകെയാണു ശ്രീരാമന്‍ മൊഴി നല്‍കിയത്.

ചട്ടങ്ങള്‍ മറികടന്നുള്ള സന്ദര്‍ശന രേഖകളാണു ജയില്‍ രജിസ്റ്ററില്‍ നിന്നും വെട്ടിമാറ്റിയിട്ടുള്ളത്. 2013 ജൂലൈ 23നു ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ സരിത അമ്മയും മറ്റൊരാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 30 മിനിറ്റോളമാണ് ഇവര്‍ സംസാരിച്ചത്. താന്‍ രജിസ്റ്ററില്‍ അതു രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പിന്നീട് ഇതു 12 മിനിറ്റാക്കി നസീറ ബീവി ചുരുക്കിയെന്നും ശ്രീരാമന്‍ മൊഴി നല്‍കി.

സരിതയുടെ അമ്മയ്‌ക്കൊപ്പം വന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ കൃത്രിമമുടി വച്ചാണ് എത്തിയതെന്നും ശ്രീരാമന്‍ കമ്മീഷനെ അറിയിച്ചു. ഇവരെ തടഞ്ഞാല്‍ തന്നെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ലായിരുന്നു. സന്ദര്‍ശനം 30 മിനിറ്റ് നീണ്ടുവെന്നു രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണു തന്നെ സ്ഥലം മാറ്റിയതെന്നും അറ്റന്‍ഡര്‍ മൊഴി നല്കി. സരിതയ്ക്ക് അപരിചിതരുമായി ജയിലില്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയിരുന്നതു ജയില്‍ സൂപ്രണ്ടായിരുന്നുവെന്നും ശ്രീരാമന്‍ കമ്മീഷനെ അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: