ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ വിദ്യാര്‍ഥി സമരത്തിനു നേര്‍ക്കു പോലീസ് നടത്തിയ വെടിവയ്പില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കിഴക്കന്‍ ഇംഫാലില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭമാണു വെടിവയ്പിലും മരണത്തിലും കലാശിച്ചത്. ഇന്നര്‍ലൈന്‍ പെര്‍മിറ്റ് സംവിധാനത്തിനെതിരെയാണു വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തിയത്.
നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ അന്യസംസ്ഥാനക്കാരെയും വിദേശികളെയും വിലക്കുന്ന നിയമമാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് സംവിധാനം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനക്കാരും വിദേശികളും ഈ സംസ്ഥാനങ്ങളില്‍ കടക്കണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം. പുതിയ സംവിധാനം തൊഴിലവസരങ്ങളും മറ്റും ഇല്ലാതാക്കുമെന്ന് ആരോപിച്ചാണു വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയത്.
-എജെ-