ബാര്‍ കോഴ: മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. കേസ് ഡയറിയും ദ്രുതപരിശോധന റിപ്പോര്‍ട്ടും കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശവും ഹാജരാക്കാനാണ് കോടതി പറഞ്ഞത്.

കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കും. പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ വി.എസിനും ബിജു രമേശിനും നോട്ടീസ് അയക്കും.ഇരുവരും ആഗസ്റ്റ് ഏഴിന് ഹാജരാകണം.

ബാര്‍ കോഴ കേസില്‍ കെ.എം.മാണിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതി മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഉത്തരവിട്ടത്. മാണിക്കെതിരായ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി എസ്.പി. ആര്‍.സുകേശന്‍ ചൊവാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഏഴു മാസം നീണ്ടു നിന്ന അന്വേഷണത്തിനിടെ 337 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. അന്വേഷണത്തില്‍ കെ.എം.മാണി അഴിമതി നടത്തുകയോ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതായാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

2014 മാര്‍ച്ച് മാസം രണ്ടു തവണ പാലായിലെ വീട്ടില്‍ ബാര്‍ ഹോട്ടല്‍ ഉടമകള്‍ എത്തിയതിന് തെളിവുണ്ട്. മാര്‍ച്ച് 22ന് പാലായിലെ വീട്ടിന്റെ പരിസരത്ത് വെച്ച് സാജു ഡൊമിനിക്ക്, ജോസഫ് മാത്യു എന്നിവര്‍ ബാര്‍ ഹോട്ടല്‍ അസോസിയേല്‍ന്‍ ഭാരവാഹികള്‍ക്ക് 15 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. എന്നാല്‍ ഈ തുക മാണിക്ക് നല്‍കിയതിനോ മാണി പണം വാങ്ങിയതിനോ തെളിവില്ല. ബാര്‍ ഉടമകള്‍ നല്‍കിയ 15 ലക്ഷം രൂപ ഏപ്രില്‍ മാസത്തില്‍ ക്യാഷ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014 ഏപ്രില്‍ രണ്ടിന് രാജ്കുമാര്‍ ഉണ്ണി ക്ലിഫ് ഹൗസില്‍ പോയതിന് തെളിവുണ്ടെങ്കിലും ബിജു രമേശ് നല്‍കിയ 10 ലക്ഷം രൂപ ലീഗല്‍ ഫണ്ടിലാണ് ഉള്‍പ്പെടുത്തിയത്.

ഈ ദിവസം മൂന്ന് ബാര്‍ ഉടമകളില്‍ നിന്ന് 25 ലക്ഷം രൂപ പിരിച്ചുവെന്ന ആരോപണം ബാര്‍ ഉടമകള്‍ തന്നെ നിഷേധിച്ചു. ബിജു രമേശിന്റെ െ്രെഡവര്‍ അമ്പിളി വിജിലന്‍സിന് നല്‍കിയ മൊഴിയും നുണപരിശോധന ഫലവും ഒത്ത് ചേരുന്നില്ല. 2014 മാര്‍ച്ച് 26ന് ബാര്‍ ലൈസന്‍സ് താത്കാലികമായി പുതുക്കാന്‍ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം കൂട്ടായ തീരുമാനമാണ്. ഇതില്‍ മാണി പ്രത്യേകമായി താത്പര്യമെടുത്തിട്ടില്ല. പിന്നീട് ഏപ്രില്‍ രണ്ടിന് ബാര്‍ ലൈസന്‍സ് റദ്ദാക്കാന്‍ എടുത്ത തീരുമാനം ബാര്‍ ഉടമകള്‍ക്ക് അനുകൂലമല്ല. അത് കൊണ്ട് തന്നെ മാണി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുമില്ലെന്നുമാണ് വിജിലന്‍സ് നിലപാട്.

Share this news

Leave a Reply

%d bloggers like this: