ഭൂമി തട്ടിപ്പ് കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റിലായി

ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റിലായി. കേസില്‍ അറസ്റ്റിലായ കോണ്ട്ലി എം.എല്‍.എ മനോജ് കുമാറിനെ ഡല്‍ഹി കര്‍കര്‍ഡൂമ കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാജ രേഖ ചമച്ച് ഭൂമി വില്‍ക്കാന്‍ ശ്രമിച്ച കേസിലാണ് മനോജിനെ അറസ്റ്റ് ചെയ്തത്. കേസിലെ ചില രേഖകള്‍ പിടിച്ചെടുക്കുന്നതിന് ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും രണ്ടു ദിവസം അനുവദിക്കുകയായിരുന്നു.

രാഷ്ട്രീയത്തില്‍ പ്രവേശിക്കും മുമ്പ് മനോജ് കുമാര്‍ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കാലത്തെ കേസിലാണ് അറസ്‌റ്റെന്ന് ഡല്‍ഹി സിറ്റി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബാസി അറിയിച്ചു. വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2012ല്‍ ഭൂമി വാങ്ങുന്നതിന് മനോജ് തന്റെ പാര്‍ട്ട്ണറായിരുന്ന വിനോദില്‍ നിന്ന് ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണം തിരികെ നല്‍കിയില്ലെന്നാണ് വിനോദിന്റെ പരാതി.

തുടര്‍ന്ന് വ്യാജ രേഖകള്‍ ചമച്ച് കോണ്ടഌയിലെ ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം തരപ്പെടുത്തിയ മനോജ് കുമാര്‍ മറ്റൊരാളില്‍ നിന്ന് ആറ് ലക്ഷം രൂപ കൈപ്പറ്റി. എന്നാല്‍, മനോജ് കുമാര്‍ തന്റെ സ്വന്തമാണെന്ന് അവകാശപ്പെടുന്ന ഭൂമി മറ്റൊരാളുടെ പേരിലുള്ളതാണെന്ന് തെളിഞ്ഞതായി പൊലീസ് പറയുന്നു. 21ലക്ഷം രൂപ നല്‍കി മനോജില്‍ നിന്ന് ഭൂമി വാങ്ങാന്‍ ശ്രമിക്കവേയാണ് വ്യാജരേഖകളാണെന്ന് തെളിഞ്ഞത്. സ്ത്രീയോട് അപമര്യാദയായി പെരുമാറിയത് ഉള്‍പ്പെടെ ഏഴ് ക്രിമിനല്‍ കേസുകളില്‍ മനോജ് പ്രതിയാണ്.

അതേസമയം, എം.എല്‍.എയുടെ അറസ്റ്റ് ബി.ജെ.പിയുടെ പകപോക്കലിന്റെ ഭാഗമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. പഴയ എഫ്.ഐ.ആറുകള്‍ തപ്പിയെടുത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് സിംഗ് കുറ്റപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: