ബൊളീവിയന്‍ പ്രസിഡന്റ് മാര്‍പാപ്പയ്ക്ക് നല്‍കിയ അരിവാള്‍ ചുറ്റികയിലെ യേശുവിനെ ചൊല്ലി വിവാദം

ബൊളീവിയ സന്ദര്‍ശനത്തിനിടെ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കമ്യൂണിസ്റ്റുകാരനായ പ്രസിഡന്റ് ഇവൊ മൊറാലെസ് നല്‍കിയ ഉപഹാരത്തെ ചൊല്ലി പുതിയ വിവാദം. യേശുവിന്റെ രൂപം കൊത്തിവെച്ച അരിവാള്‍ ചുറ്റികയാണ് കമ്യൂണിസവും ക്രിസ്ത്യാനിറ്റിയും തമ്മിലുള്ള പുതിയ സംവാദത്തിന് തുടക്കമിട്ടത്. കമ്യൂണിസ്റ്റ് പ്രതീകമായ അരിവാള്‍ ചുറ്റികയില്‍ യേശുവിനെ പ്രതിഷ്ഠിച്ചത് ധിക്കാരപരമാണെന്നാണ് കാത്തോലിക്കാ ബിഷപ്പുമാരുടെ ആക്ഷേപം.

തീവ്ര വലതുപക്ഷ സംഘം കൊലപ്പെടുത്തിയ ജെസ്യൂട്ട് പുരോഹിതന്‍ ലൂയി എസ്പിനല്‍ രൂപകല്‍പ്പന ചെയ്ത കുരുശിനെ അടിസ്ഥാനമാക്കിയാണ് ഈ ഉപഹാരവും രൂപകല്‍പ്പന ചെയ്തത്. ഉപഹാരത്തെ വിസ്മയത്തോടെ നോക്കുന്ന മാര്‍പാപ്പയുടെ ചിത്രവും പല വ്യാഖ്യാനങ്ങള്‍ക്കുമിടയാക്കി. കമ്യൂണിസ്റ്റ് പ്രതീകത്തില്‍ ദൈവത്തെ പ്രതിഷ്ഠിച്ചത് വഴി മൊറാലെസിന്റേത് ദൈവത്തെ സ്വാധീനിക്കാനുള്ള ശ്രമമാണെന്ന് ഒരു കാത്തോലിക്കാ ബിഷപ്പ് കുറ്റപ്പെടുത്തുന്നു. നിരീശ്വരവാദ ആശയങ്ങളിലേക്ക് ദൈവത്തെ ഉപയോഗിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ധിക്കാരപരമായ നടപടിയാണിതെന്നും സ്പാനിഷ് ബിഷപ്പ് ജോസ് ഇഗ്‌നാഷ്യോ മുനിയ്യ കുറ്റപ്പെടുത്തുന്നു. നടപടി പ്രകാപനപരവും പരിഹാസ്യവുമാണെന്ന് ബൊളീവിയന്‍ ബിഷപ്പ് ഗോണ്‍സാലോ ഡെല്‍ കാസിലോ അഭിപ്രായപ്പെട്ടു. കമ്മ്യൂണിസവും ക്രിസ്ത്യാനിറ്റിയും ഒപ്പം പോകില്ലെന്ന് മറ്റൊരു വിമര്‍ശകന്‍ കുറ്റപ്പെടുത്തുന്നു.

അരിവാള്‍ ചുറ്റികയിലെ യേശുവിനെ അമ്പരപ്പോടെ നോക്കുന്ന മാര്‍പാപ്പയുടെ മുഖഭാവവും ചിലര്‍ വ്യാഖ്യാനിച്ചു. മാര്‍പാപ്പ വിസ്മയത്തോടെയാണ് ഉപഹാരത്തെ സ്വീകരിച്ചതെന്ന് വത്തിക്കാന്‍ വക്താവ് ഫെഡ്രികോ ലംബാര്‍ഡി അവകാശപ്പെടുന്നു. അതേസമയം, വത്തിക്കാനും ബൊളീവിയയും വിവാദങ്ങളെ തള്ളിക്കളഞ്ഞു. ഗിഫ്റ്റിലെ അരിവാള്‍ കര്‍ഷകരെയും ചുറ്റിക സാധാരണക്കാരായ തൊഴിലാളികളെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും അവരാണ് ദൈവത്തിന്റെ ആളുകളെന്നും ബൊളീവിയ വാര്‍ത്താവിനിമയ മന്ത്രി മരിയനേല പാകോ പറഞ്ഞു. അല്ലാതെ ഉപഹാരത്തിന് പിന്നില്‍ മറ്റു താല്‍പര്യങ്ങളില്ലെന്നും അവര്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: