ആറുവയസുകാരനെ തട്ടിയെടുക്കാനുള്ള ശ്രമം,മാതാപിതാക്കള്‍ ആശങ്കയില്‍,ഗാര്‍ഡ അന്വേഷണമാരംഭിച്ചു

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മാതാപിതാക്കള്‍ ആശങ്കയിലാണ്. സ്‌കൂളില്‍ നിന്നും മടങ്ങിവരുമ്പോഴും, വീടിനടുത്തുള്ള ഗാര്‍ഡനില്‍ കളിക്കുമ്പോള്‍ പോലും തങ്ങളുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഭയം മലയാളികളടക്കമുള്ള മാതാപിതാക്കളില്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞയാഴ്ച ആറുവയസുകാരനെ തട്ടിക്കൊണ്ടുപോകാനുള്ള അവരുടെ ഭയത്തിന് ആക്കം കൂട്ടുന്നു. വെക്‌സ്‌ഫോര്‍ഡിലാണ് സംഭവം. ആറുവയസുകാരനായ മകന്‍ സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് സമീപമുള്ള Dune Haven എസ്റ്റേറ്റില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സില്‍വര്‍ കളറിലുള്ള Nissan Almera കാറില്‍ വന്നിറങ്ങിയ ഒരു പുരുഷനും സ്ത്രീയും കുട്ടികളുടെ സമീപത്തേക്ക് ചെല്ലുകയും കുട്ടികളോട് കാറില്‍ കയറാന്‍ വരുന്നുണ്ടോ അതില്‍ ധാരാളം സ്വീറ്റ്‌സ് ഉണ്ടെന്ന് പറയുകയും ചെയ്തുവെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു. പല കുട്ടികളും അടുത്ത ഗാര്‍ഡനിലേക്ക് ഓടിയപ്പോള്‍ ആറുവയുകാരനായ തന്റെ മകന്‍ വീടിനു നേരെ ഓടാന്‍ തിരിഞ്ഞു. ഉടന്‍ അയാള്‍ കുട്ടിയെ വട്ടംപിടിക്കുകയും, അവന്‍ ഒരുവിധം അയാളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലേക്ക് ഓടുകയും ചെയ്തു. കുറേ ദൂരം ഓടിക്കഴിഞ്ഞ് അവന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ അയാള്‍ ദേഷ്യത്തോടെ മുഷ്ടിചുരുട്ടി അവനെത്തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് മകന്‍ പറഞ്ഞുവെന്ന് കുട്ടിയുടെ അച്ഛന്‍ ഗാര്‍ഡയോട് പറഞ്ഞു. സംഭവം എല്ലാവരേയും ഞെട്ടിച്ചുവെന്നും ഇപ്പോഴും ഭീതി മാറിയിട്ടില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് ഗാര്‍ഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളില്‍ നിന്നു വീട്ടിലേക്കു വന്ന എഴുവയസുകാരിയായ പെണ്‍കുട്ടിയെ ബ്ലാങ്കെറ്റ് തലവഴിയിട്ട് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം നടന്നതും കുറച്ചുനാള്‍ മുമ്പാണ്. പേടിച്ചുപോയ പെണ്‍കുട്ടിയെ തിരികെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ കൗണ്‍സിലിംഗടക്കം വേണ്ടിവന്നു. പുതിയ സംഭവവും മാതാപിതാക്കളുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: