ഹരാരേ: മലയാളിതാരം സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍. സിംബാബ്‌വേ പര്യടനം നടത്തുന്ന ഇന്ത്യന്‍ടീമിലേക്കാണ് സഞ്ജുവിനെ ബിസിസിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമ്പാട്ടി റായിഡുവിന്റെ പകരക്കാരനായിട്ടാണ് സഞ്ജു എത്തുന്നത്. ആദ്യ രണ്ടു മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ പരമ്പര നേടിയെങ്കിലും മൂന്നാം മത്സരത്തില്‍ സഞ്ജുവിന് ഇടം കിട്ടിയേക്കുമെന്നാണ് സൂചനകള്‍. ഇതിന് പിന്നാലെ കേരളത്തിന്റെ നായകനായും സഞ്ജുവിനെ നിയോഗിച്ചു.
നേരത്തേ ഇംഗണ്ട് പര്യടനത്തിനുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ സിംബാബ്‌വേ പര്യടനത്തിനുള്ള ടീമിലേക്ക് ഒരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറിന്റെ സാധ്യതകള്‍ തേടിയപ്പോഴാണ് ബിസിസിഐ സഞ്ജുവിന് അവസരം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറുടെ ജോലി ചെയ്തത് ബാറ്റ്‌സ്മാനായ റോബിന്‍ ഉത്തപ്പയായിരുന്നു. എന്നാല്‍ റോബിന്‍ ഉത്തപ്പ വിക്കറ്റിന് പിന്നില്‍ പരാജയമായപ്പോഴാണ് സ്‌പെഷ്യലിസ്റ്റ് കീപ്പറെ തന്നെ പരിഗണിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതെന്നാണ് വിവരം.
പരമ്പരയില്‍ ഇനി ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. ഐപിഎല്‍ പോലെയുള്ള ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനങ്ങളാണ്ട താരത്തിന് ടീമിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്. ലോകത്തെ മികച്ച ടീമുകള്‍ക്കെതിരേ കളിക്കാന്‍ അവസരം കിട്ടുന്നതില്‍ സന്തോഷമുണ്ടെന്ന് സഞ്ജു പ്രതികരിച്ചു. ഇതിനൊപ്പം കേരള ടീമിന്റെ നായകനായി കെ സി എ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കെസിഎയുടെ ടൂര്‍ണമെന്റുകളില്‍ സഞ്ജു കേരളത്തെ നയിക്കും. രോഹന്‍പ്രമാണ് ഉപനായകന്‍.