സല്യൂട്ട് വിവാദം,എഡിജിപി ഋഷിരാജ് സിംഗിനെതിരെ നടപടി വേണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യം

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയെ സല്യൂട്ട് ചെയ്യാത്ത എഡിജിപി ഋഷിരാജ് സിംഗിനെതിരെ നടപടി വേണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഋഷിരാജ് സിംഗിന്റെ നടപടി തീര്‍ത്തും തെറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു. പ്രവൃത്തിയേക്കാള്‍ ഗുരുതരമായ അച്ചടക്കലംഘനമാണ് ഋഷിരാജ് സിങ് സംഭവത്തെക്കുറിച്ച് നല്‍കിയ വിശദീകരണം. ഋഷിരാജ് സിംഗ് അപമാനിച്ചത് ഭരണഘടനാ പദവിയെയെയാണ്. ഋഷിരാജ് സിങിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞതായാണ് സൂചന.

എംഎല്‍എമാരും ഋഷിരാജ് സിങിനെതിരെ ശക്തമായ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ഋഷിരാജ് സിങിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ചര്‍ച്ചകളെല്ലാം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മൗനം പാലിക്കുകയായിരുന്നു.

കഴിഞ്ഞദിവസം തൃശൂരിലെ പോലീസ് അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എഡിജിപി ഋഷിരാജ് സിങ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഗൗനിക്കാതെയിരുന്നത്. ആഭ്യന്തരമന്ത്രി വേദിയിലേക്കു കടന്നുവന്നപ്പോള്‍ ഇരിപ്പിടത്തില്‍നിന്നു എഴുന്നേല്‍ക്കാനും സല്യൂട്ട് നല്‍കാനും ഋഷിരാജ് സിങ് തയ്യാറായില്ല. സംഭവം വിവാദമായതോടെ സോഷ്യല്‍മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചയായിരുന്നു. ഋഷിരാജ് സിങിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും വന്‍ പ്രചരണങ്ങളാണ് നടക്കുന്നത്.

Share this news

Leave a Reply

%d bloggers like this: