ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി പതിനാറു വയസായി കുറയ്ക്കണമെന്ന് ശിപാര്‍ശ

ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി പതിനാറു വയസായി കുറയ്ക്കണമെന്ന് ശിപാര്‍ശ. വിഷയത്തില്‍ പഠിക്കുന്നതിന് വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയാണ് പ്രായപരിധി കുറയ്ക്കുന്നതിനുള്ള ശിപാര്‍ശ മുന്നോട്ടുവച്ചത്. ഇതിനായി നിയമഭേദഗതി വേണമെന്നും സമിതി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നു.

പതിനെട്ടു വയസ് പൂര്‍ത്തിയായവരെ മാത്രമാണ് നിലവില്‍ പ്രായ പൂര്‍ത്തിയായവരായി കണക്കാക്കുക. കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമവും ലൈംഗിക പീഡന വിരുദ്ധ നിയമവും പ്രവര്‍ത്തിക്കുന്നതും ഈ പ്രായ പരിധിയുടെ അടിസ്ഥാനത്തിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനങ്ങളില്‍നിന്നും വേശ്യവൃത്തിയില്‍നിന്നും രക്ഷിക്കുകയായിരുന്നു പ്രായപരിധി പതിനെട്ട് വയസായി ഉയര്‍ത്തിയതിലൂടെ ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിലെ പ്രായപരിധി ഉയര്‍ന്നുനില്‍ക്കുന്നത് കൗമാരക്കാരിലെ ലൈംഗികതയെ കുറ്റകൃത്യമായി കാണാന്‍ ഇടയാക്കുമെന്നായിരുന്നു ബാലാവകാശ സംഘടനകളുടെ നിലപാട്. നിയമങ്ങള്‍ ദുരുപയോഗപ്പെടുന്നതായും വ്യാജ പരാതികള്‍ കൂടിവരുന്നതായും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ സാഹചര്യത്തിലാണ് പ്രായ പരിധി പതിനെട്ടില്‍നിന്നും പതിനാറായി കുറയ്ക്കാന്‍ വിഷയത്തില്‍ പഠനം നടത്തിയ സമിതി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തത്. ഈമാസം 20ന് കേന്ദ്ര ആഭ്യന്തര, നിയമ, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സമിതിയുടെ ശിപാര്‍ശ പരിശോധിക്കും. സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡനം തടയല്‍ നിയമം, വിവാഹ മോചന നിയമം എന്നിവയിലും മാറ്റം വേണമെന്ന ശിപാര്‍ശയും സമിതി മുന്നോട്ടുവച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: