പത്തനംതിട്ട: കോന്നിയില്‍ കാണാതായ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന് കരുതുന്നതായി ഐജി മനോജ് എബ്രഹാം. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമായിട്ടില്ല. രണ്ടു തവണ ഇവര്‍ ബാംഗ്ലൂരില്‍ പോയി. എന്നാല്‍ ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ അസ്വാഭാവികതയില്ലെന്നും ഇക്കാര്യവും പൊലീസ് പരിശോധിക്കുമെന്നും ഐജി വ്യക്തമാക്കി.
രണ്ടു തവണ മൂന്ന് പെണ്‍കുട്ടികളും ബംഗളൂരുവില്‍ പോയിട്ടുണ്ട്. കാണാതായ ദിവസം പത്തനംതിട്ടയില്‍ നിന്നും മാല പണയം വെച്ച് 8000 രൂപ വാങ്ങി. ഈ തുകയാകാം യാത്രയ്ക്ക് ഉപയോഗിച്ചത്. ഇവരുടെ കൈയ്യിലുണ്ടായിരുന്ന ടാബ്ലെറ്റ് കാണാനില്ല. പണത്തിനായി ഇത് വിറ്റിരിക്കാം. ആദ്യം ബംഗളൂരുവില്‍ പോയ ശേഷം കൊച്ചിയില്‍ മടങ്ങിയെത്തിയിരുന്നതായും ഐജി പറഞ്ഞു. ചെങ്ങന്നൂര്‍ സ്‌റ്റേഷനില്‍ നിന്ന് ഇവര്‍ ഡല്‍ഹിയിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ യാത്ര ഉപേക്ഷിച്ച് ടിക്കറ്റ് റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. റീഫണ്ടിന് സമയം പിടിക്കുമെന്നതിനാല്‍ ടിക്കറ്റ് സ്‌റ്റേഷനില്‍ ഏല്‍പിച്ച ശേഷം ഇവര്‍ ബസ് മാര്‍ഗം എറണാകുളത്തേക്കും അവിടെനിന്ന് ബംഗളൂരുവിലേക്കും പോയെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. വരും ദിവസങ്ങളില്‍ സുഹൃത്തുക്കളടക്കമുള്ളവരെ ചോദ്യം ചെയ്യും. ഇവരുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ അസ്വാഭാവികത തോന്നിയിട്ടില്ല. ജീവിത വിരക്തിയുള്ളതായി ഇവരുടെ ഡയറികളില്‍ കുറിച്ചിട്ടുണ്ടെന്നും ഐജി പറഞ്ഞു. പെണ്‍കുട്ടികള്‍ സിം സംഘടിപ്പിച്ചത് വ്യാജമായാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച പെണ്‍കുട്ടിയുടെ അയല്‍ക്കാരിയുടെ പേരിലാണ് അവരറിയാതെ സിം എടുത്തത്. പൊലീസ് തിരക്കിയെത്തിയപ്പോഴാണ് അയല്‍വാസിയായ മോളി വിവരമറിയുന്നത്. പെണ്‍കുട്ടികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു.