കാലിക്കറ്റ് വിസിയെയും പിവിസിയേയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി

 
തിരുവനന്തപുരം: വിജിലന്‍സ് കേസില്‍ ആരോപണ വിധേയരായ കാലിക്കറ്റ് സര്‍വകലാശാലാ വി.സി, പി.വി.സി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ബി.ടെക് എന്‍ജിനീയറിങ് പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് കാലിക്കറ്റ് വി.സി ഡോ.എം.കെ. അബ്ദുസ്സലാം, പ്രൊ വൈസ് ചാന്‍സലര്‍ പ്രൊ. രവീന്ദ്രനാഥ്, പേഴ്‌സണല്‍ അസിസ്റ്റന്റ് എന്‍.എസ് രാമകൃഷ്ണന്‍, രാമകൃഷ്ണന്റെ മകള്‍ സംഗീത എന്നിവര്‍ക്കെതിരെ വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.

2011ലെ എഞ്ചിനീയറിംഗ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ 24 കുട്ടികള്‍ തോറ്റിരുന്നു. പ്രൊവിസി യുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയ എന്‍ എസ് രാമകൃഷ്ണന്റെ മകള്‍ സംഗീത അടക്കം തോറ്റ 24 കുട്ടികള്‍ക്ക് പുന:പരീക്ഷ നടത്താന്‍ വൈസ്ചാന്‍സലര്‍ പ്രത്യേക ഉത്തരവ് നല്‍കിയെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച ഗവര്‍ണര്‍ പി.സദാശിവം വിസിയും പ്രൊവിസിയും അടക്കമുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: