ബെയ്ജിംഗ്: തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു ഇന്ത്യക്കാരന് ഉള്‍പ്പടെ 20 വിദേശ ടൂറിസ്റ്റുകള്‍ വടക്കന്‍ ചൈനയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ചൈനയില്‍ 47 ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ സംഘത്തെയാണ് ഇര്‍ദോസിലെ ഇന്നര്‍ മംഗോളിയന്‍ സിറ്റിയിലുള്ള വിമാനത്താവളത്തില്‍ തടഞ്ഞത്. ബ്രിട്ടനിലെ വിദേശകാര്യ ഓഫീസും സൗത്ത് ആഫ്രിക്കന്‍ ചാരിറ്റി സംഘടനയായ ഗിഫ്റ്റ് ഒഫ് ഗിവേഴ്സ് ഫൗണ്ടേഷനുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അഞ്ച് ദക്ഷിണാഫ്രിക്കന്‍ സ്വദേശികളേയും മൂന്ന് ബ്രിട്ടണ് സ്വദേശികളേയും ഒരു ഇന്ത്യന്‍ സ്വദേശിയേയും ഒഴികെ പിടിയിലായ മറ്റ് 11 ടൂറിസ്റ്റുകളെ വിട്ടയക്കാന്‍ ചൈന തയ്യാറായെന്നും, മറ്റുള്ളവര്‍ ഇന്നര്‍ മംഗോളിയയിലുള്ള തടങ്കലില്‍ തുടരുമെന്നും ഗിഫ്റ്റ് ഒഫ് ഗിവേഴ്സ് ഫൗണ്ടേഷന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റിലായവരില്‍ ചിലര്‍ അവരുടെ ഹോട്ടല്‍ മുറിയിലിരുന്ന് നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ ആശയം പ്രചരിപ്പിക്കാനുള്ള വീഡിയോ കണ്ടതായി ചൈനീസ് അധികൃതര്‍ പറഞ്ഞിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്. പിടിയിലായവര്‍ക്ക് തീവ്രവാദ ബന്ധമോ അവരുടെ രാജ്യത്ത് ക്രിമിനല്‍ റെക്കാര്‍ഡുകളോ ഇല്ലെന്നും സംഘടന വ്യക്തമാക്കി.എന്നാല്‍ സംഭവത്തെപ്പറ്റി ഇതുവരെ അറിവില്ലെന്ന് ഇന്ത്യന്‍ എംബസി വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.