തിരുവനന്തപുരം: കെ.ആര്‍.ഗൗരി അമ്മയ്‌ക്കെതിരെ പരാമര്‍ശം നടത്തിയതിന് പി.സി. ജോര്‍ജിനെ നിയമസഭ താക്കീത് ചെയ്തു. കെ.മുരളീധരന്‍ അദ്ധ്യക്ഷനായ നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ജോര്‍ജിനെ താക്കീത് ചെയ്തത്. ഇതാദ്യമായാണ് നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരംഗത്തെ താക്കീത് ചെയ്യുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ജോര്‍ജിനെ താക്കീത് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. ജോര്‍ജിന്റെ നടപടി നിയമസഭയുടെ മര്യാദയ്ക്ക് ചേരാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് നിയമസഭ ശബ്ദവോട്ടോടെ അംഗീകരിക്കുകയായിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
‘ഗൗരിയമ്മ യു.ഡി.എഫിന്റെ കഷ്ടകാലമാണ്. അവര്‍ക്ക് വയസ് തൊണ്ണൂറായി. സ്ത്രീയാണെന്ന ബഹുമാനം കൊടുത്തേക്കാം. പക്ഷേ, അവരുടെ കൈയിലിരിപ്പ് മോശമാണ്. വീട്ടിലിരിക്കേണ്ട സമയത്ത് ആംബുലന്‍സുമായി വോട്ടുപിടിക്കാന്‍ ഇറങ്ങുകയാണ്’ ഇതായിരുന്നു ജോര്‍ജ്ജിന്റെ പരാമര്‍ശം.