തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരായ വിഎം സുധീരന്റെ പരസ്യ വിമര്‍ശനത്തിന് രമേശ് ചെന്നിത്തലയുടെ മറുപടി. സുധീരന്റെ പ്രസ്താവന ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്നു ചെന്നിത്തല പറഞ്ഞു. ഏതെങ്കിലും കേസ് ചൂണ്ടിക്കാണിച്ചാല്‍ പരിശോധിക്കാന്‍ തയ്യാറാണ്. പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ടിപി കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സിബിഐ അറിയിച്ചതാണ്. ആവശ്യമെങ്കില്‍ സിബിഐക്ക് വീണ്ടും കത്തെഴുതാമെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ആഭ്യന്തരമന്ത്രി കെപിസിസി പ്രസിഡന്റിന് മറുപടി നല്‍കിയത്. ഇതിനിടയില്‍ ആഭ്യന്തരവകുപ്പിനെതിരെ ഇന്നും സുധീരന് രംഗത്തുവന്നു. ടിപി കേസില്‍ ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യാനായില്ലെന്ന് സുധീരന് പറഞ്ഞു. അറസ്റ്റ് നടന്നിരുന്നെങ്കില്‍ മറ്റ് രാഷ്ട്രീ കൊലപാതകങ്ങള്‍ നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ അക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ച സംഭവിക്കുന്നുന്നെന്ന് സുധീരന് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം പാനൂരില്‍ വെട്ടേറ്റു കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സന്ദര്‍ശിച്ചശേഷമാണ് സുധീരന് പൊലീസിനെതിരെ രംഗത്തെത്തിയത്. പ്രതിപ്പട്ടിക പൊലീസിന് സിപിഎം നല്കുന്ന അവസ്ഥയാണ് കണ്ണൂരിലുള്ളതെന്ന് സുധീരന് കുറ്റപ്പെടുത്തിയിരുന്നു. ടിപി വധക്കേസിന്റെ പ്രഭവകേന്ദ്രം ഇപ്പോഴും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.