ചെലവ് ചുരുക്കല്‍ ബില്‍ ഗ്രീസ് അംഗീകരിച്ചു

ഏതന്‍സ്: കടക്കെണിയില്‍ നിന്ന് കരകയറുന്നതിനായുള്ള വായ്പ ലഭിക്കുന്നതിന്റെ ഭാഗമായുള്ള ചെലവ് ചുരുക്കല്‍ ബില്ലിന് ജനങ്ങളുടെ പ്രതിഷേധത്തിനിടെ ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ തന്നെ ഇടതുപക്ഷ പാര്‍ട്ടിയില്‍ നിന്ന് ശക്തമായ വിയോജിപ്പുണ്ടായിട്ടും ബില്‍ പാസാവുകയായിരുന്നു. 229 പേര്‍ ബില്ലിന് അനുകൂലമായും 64 അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു. ആറ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തുള്ളതും എന്നാല്‍ യൂറോപ്യന്‍ യൂണിയനെ അനുകൂലിക്കുന്ന മൂന്ന് അംഗങ്ങളുടെ പിന്തുണയും സര്‍ക്കാരിന് ലഭിച്ചു.

മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ 6,000 കോടി ഡോളറിന്റെ രക്ഷാ പാക്കേജ് അനുവദിക്കണമെന്ന നിര്‍ദേശമാണ് ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് യൂറോപ്യന്‍ യൂണിന് മുന്നില്‍ വച്ചിരിക്കുന്നത്. ഇത്രയും തുക അനുവദിക്കണമെങ്കില്‍ ഗ്രീസ് കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ചേ മതിയാവു.

നികുതി വര്‍ദ്ധിപ്പിക്കുക, ചെലവ് ചുരുക്കുക, പെന്‍ഷന്‍ വെട്ടി കുറയ്ക്കുക അടക്കമുള്ള ജനവിരുദ്ധ വ്യവസ്ഥകളാണ് ഗ്രീസ് നടപ്പിലാക്കേണ്ടി വരുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം സ്വന്തം പാര്‍ട്ടിയില്‍ തന്നെ കലാപത്തിന് വഴിതുറന്നിട്ടുണ്ട്.

ഊര്‍ജ്ജ മന്ത്രി പനഗിയോടിസ് ലഫസാനിയ, മുന്‍ ധനമന്ത്രി യാനിസ് വാറൗഫകിസ് എന്നിവരാണ് എതിര്‍ത്ത് വോട്ട് ചെയ്തവരില്‍ പ്രമുഖര്‍. ബില്‍ പാസായത് സിപ്രാസ് സര്‍ക്കാരിന് ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ലെങ്കില്‍ കൂടി സര്‍ക്കാരിന്റെ നീക്കം പലരുടേയും നെറ്റി ചുളിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുമ്പോള്‍ പാര്‍ലമെന്റിന് പുറത്തെ തെരുവീഥികളില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. ഏതാണ്ട് പന്ത്രണ്ടായിരത്തോളം പേരാണ് ചെലവ് ചുരുക്കല്‍ ബില്ലിനെതിരെ സമരരംഗത്ത് ഇറങ്ങിയത്. പലയിടത്തും സംഘര്‍ഷാവസ്ഥയും ഉടലെടുത്തു.

2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിയ ഗ്രീസിന് ഇനി ഒരു ചെലവ് ചുരുക്കല്‍ താങ്ങാന്‍ കഴിയുന്നതല്ല എന്നാണ് വിയോജിക്കുന്നവരുടെ പക്ഷം. അന്ന് ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ കുതിച്ചുയര്‍ന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ മൂന്നിലൊന്നും മാന്ദ്യം കൊണ്ടുപോയി. ചെലവ് ചുരുക്കലിനോട് തനിക്ക് യോജിപ്പില്ലെന്നും എംപിമാരുടെ പ്രേരണ കൊണ്ട് മാത്രം ഇതിനോട് യോജിക്കുകയാണന്നുമാണ് സിപ്രാസിന്റെ നിലപാട്.

കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ ഗ്രീസിലെ ബാങ്കുകള്‍ എല്ലാം തന്നെ അടഞ്ഞ് കിടക്കുകയാണ്. ഇടപാടുകള്‍ക്കും സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എ.ടി.എം മെഷീനുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക ദിവസം 60 പൗണ്ടായി ചുരുക്കിയിരുന്നു. കടാശ്വാസ പാക്കേജില്‍ നിന്ന് ലഭിക്കുന്ന 50 ബില്യണ്‍ ഡോളറിന്റെ ഫണ്ടിലെ പകുതിയും ബാങ്കുകളുടെ മൂലധനനിക്ഷേപം ഉയര്‍ത്താനായിരിക്കും ഉപയോഗിക്കുക. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് 4.6 ബില്യണ്‍ ഡോളറും ഐ.എം.എഫിന് 2 ബില്യണ്‍ യൂറോയുമാണ് കൊടുത്ത് തീര്‍ക്കാനുള്ളത്.

Share this news

Leave a Reply

%d bloggers like this: