ന്യൂഡല്‍ഹി: രാജ്യാന്തര മദ്ധ്യസ്ഥതയിലേക്ക് നീങ്ങുന്ന കടല്‍ക്കൊലക്കേസില്‍ ഇന്ത്യയില്‍ തന്നെ നിയമപരമായ പരിഹാരം സാധ്യമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കും. പ്രശ്‌ന പരിഹാരത്തില്‍ ഇറ്റലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ രാജ്യാന്തര മദ്ധ്യസ്ഥതയ്ക്ക് ഇന്ത്യ തയ്യാറാകുന്ന സാഹചര്യത്തിലാണ് ഇറ്റാലിയന്‍ നിലപാടിനെ എതിര്‍ക്കാനും സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാനും ഇന്ത്യ തീരുമാനം എടുത്തിട്ടുള്ളത്. ഇറ്റലിയുടെ ആവശ്യമനുസരിച്ച് രാജ്യാന്തര മധ്യസ്ഥതയ്ക്ക് തയാറാണെന്ന് നേരത്തെ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയുടെ നിയമം ഇക്കാര്യത്തില്‍ അനുസരിക്കാന്‍ ഇന്ത്യ തയ്യാറാകുകയായിരുന്നു. അതേസമയം രാജ്യാന്തര മദ്ധ്യസ്ഥതയില്‍ ഐക്യരാഷ്ട്രസഭയുടെ നിയമം അനുസരിച്ചുള്ള നിലപാട് തന്നെ ഇന്ത്യ എടുക്കും. രാജ്യന്തര മദ്ധ്യസ്ഥതയില്‍ 294,295 വകുപ്പുകള്‍ ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതില്‍ 294 ാം വകുപ്പ് പ്രകാരം കടലില്‍ പിടിക്കപ്പെടുന്നവര്‍ ഏതു രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ആണോ ആ രാജ്യത്തിന്റെ പ്രാഥമിക നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കണം രാജ്യാന്തര മദ്ധ്യസ്ഥതയില്‍ എത്താന്‍ എന്നുള്ളതാണ്. ഇക്കാര്യം ഉന്നയിക്കാനിരിക്കുന്ന ഇന്ത്യ ഇറ്റാലിയന്‍ മറീനുകളുടെ പ്രാഥമിക നിയമ നടപടികള്‍ പോലും ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയിട്ടില്ല എന്ന് അറിയിക്കും.
കടല്‍ക്കൊല ഏത് ഏജന്‍സി അന്വേഷിക്കണം എന്ന് പോലും ഇന്ത്യ തീരുമാനമെടുത്തിട്ടില്ലെന്ന വിവരം ചുണ്ടിക്കാട്ടും. 295 ാം വകുപ്പില്‍ പറയുന്ന പ്രാദേശിക പരിഹാരം സാധ്യമാകുന്നില്ലെങ്കില്‍ മാത്രം രാജ്യാന്തര മദ്ധ്യസ്ഥത എന്നതും ഇന്ത്യ ഉന്നയിക്കും. ഇന്ത്യയില്‍ തന്നെ ഇക്കാര്യത്തില്‍ നിയമപരിഹാരം നടക്കുമെന്നതാകും ചൂണ്ടിക്കാട്ടുക. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയെ അപമാനിക്കുന്ന നടപടിയാണ് ഇറ്റലി സ്വീകരിച്ചു കൊണ്ടിരിക്കുന്നത് എന്നതും ചൂണ്ടിക്കാട്ടും.
കടലിലുണ്ടാകുന്ന വിഷയങ്ങളില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഐക്യരാഷ്ര്ടസഭ തയാറാക്കിയ കരാറില്‍ ഇന്ത്യയും ഒപ്പുവച്ചിട്ടുള്ള സാഹചര്യത്തിലായിരുന്നു മധ്യസ്ഥതയ്ക്ക് തയാറായത്. തര്‍ക്കവിഷയങ്ങളില്‍ ഏതെങ്കിലും രാജ്യം രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെട്ടാല്‍ മറ്റേ രാജ്യവും അത് അംഗീകരിക്കണമെന്നാണ് ഐക്യരാഷ്ര്ടസഭയുടെ വ്യവസ്ഥ. നേരത്തേ ഇന്ത്യ ഇറ്റാലിയന്‍ മറീനുകളോട് മൃദു സമീപനം സ്വീകരിക്കുന്നെന്ന ആരോപണം ശക്തമായിരുന്നു.