സദാചാര പൊലീസ് , മാപ്പു പറഞ്ഞ് സിപിഎം നേതൃത്വം

തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് മാധ്യമപ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വം. സദാചാര പൊലീസുകാരായ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായ സഹാചര്യത്തിലാണ് ഫെയ്‌സ് ബുക്കിലൂടെ ജില്ലാ സെക്രട്ടറി കടകംപ്പള്ളി സുരേന്ദ്രന്‍ പരസ്യ ഖേദപ്രകടനം നടത്തിയത്. ഞായാറാഴ്ച ഉച്ചയ്ക്കാണ് സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തക ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണിനുമെതിരെ സദാചാര പൊലീസ് മോഡല്‍ ആക്രണം ഉണ്ടാകുന്നത്.

മാധ്യമപ്രവര്‍ത്തകയുടെ അയല്‍വാസി നല്‍കിയ തെറ്റായ വിവരത്തെ തുടര്‍ന്നാണ് പൈപ്പിന്‍മൂട്ടിലെ വീടിനുള്ളില്‍ കയറിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേന്ദ്രനും ലോക്കല്‍ കമ്മിററി അംഗം വിനോദും ജിഷയെയും ജോണിനെയും വിചാരണ ചെയ്യാന്‍ തുടങ്ങിയത്. അനാശാസ്യബന്ധം ആരോപിച്ചായിരുന്നു സദാചാരപൊലീസിന്റെ വിളയാട്ടം. ഭാര്യഭര്‍ത്താക്കന്‍മാരാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും വിടാന്‍ സദാചാരക്കാര്‍ തയ്യാറായിരുന്നില്ല. സംഭവം വിവാദമായതോടെ രണ്ട് സിപിഎം പ്രവര്‍ത്തകരെയും തെറ്റായ വിവരം നല്‍കിയ അയല്‍വാസി ജോര്‍ജ്ജിനെയും മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തു. ഇതെ തുടര്‍ന്നാണ് പ്രവര്‍ത്തകരുടെ ഭാഗത്തുണ്ടായ തെറ്റിന് ജില്ലാ നേതൃത്വം പരസ്യമാപ്പു പറയുന്നത്.

ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കാതെ എടുത്തചാട്ടം കാണിക്കുകയാണ് പ്രവര്‍ത്തകര്‍ചെയ്തത്. ഇവര്‍ക്കെതിരെ മാതൃകപരമായി നടപടിയുണ്ടാകുമെന്നും കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം പ്രാദേശിക നേതൃത്വം ജിഷയും ജോണിനെയും നേരിട്ടുകണ്ട് സംഭവത്തില്‍ ഖേദം പ്രകടപ്പിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: