ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാകേതില്‍ ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. പീഡനം പകര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിന് യുവതിയുടെ കൂട്ടുകാരിയെ പോലീസ് തെരയുകയുമാണ്. ഉമേഷ് പ്രസാദ് (41) എന്ന ഓട്ടോക്കാരനാണ് പീഡനശ്രമത്തിന് ഇരയായത്. സംഭവത്തില്‍ രേണു ലാല്‍വാനി എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടുകാരിയായ ടാന്‍സാനിയക്കാരിക്കുവേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
ബുധനാഴ്ച വൈകുന്നേരം ദക്ഷിണ ഡല്‍ഹിയിലെ സാകേതിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയത്. രേണു ലാല്‍വാനി, സാകേതില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള അര്‍ജുന്‍ നഗറിലേക്ക് ഉമേഷിന്റെ ഓട്ടോ വിളിച്ചു. അര്‍ജുന്‍ നഗറിലെത്തിയപ്പോള്‍ ലാല്‍വാനി ഓട്ടോക്കൂലി നല്‍കുന്നതിനെന്ന വ്യാജേന തന്റെ ഫ്‌ളാറ്റിലേക്ക് ഉമേഷിനെ വിളിച്ചു. ഫ്‌ളാറ്റിലെത്തിയ ഉമേഷിന് ഇവര്‍ കുടിക്കാന്‍ വെള്ളം നല്‍കി. ഉമേഷ് വെള്ളം കുടിക്കുമ്പോള്‍ ലാല്‍വാനി കതകിനു കുറ്റിയിടുകയും ലൈംഗിക പ്രവര്‍ത്തിക്ക് ഉമേഷിനെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ വഴങ്ങാതിരുന്ന ഉമേഷിന് മദ്യം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ ഇതിനും വഴങ്ങാതെ വന്നതോടെ ലാല്‍വാനി ബലം പ്രയോഗിച്ച് ഉമേഷിന്റെ വസ്ത്രങ്ങളും മറ്റും ഇവര്‍ കീറിയെറിയുകയും പിടിവലിയില്‍ ഉമേഷിന് കാര്യമായ പരിക്കേല്‍ക്കുകയും ചെയ്തു.
ഈ സമയം യുവതിയുടെ ടാന്‍സാനിയക്കാരിയായ കൂട്ടുകാരിയും ഫ്‌ളാറ്റിലുണ്ടായിരുന്നു. ഇവര്‍ ഈ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തുവാന്‍ ശ്രമിച്ചു. ഒരു മണിക്കൂറിനുശേഷം യുവതികള്‍ അടുത്ത മുറിയിലേക്ക് മാറിയപ്പോഴാണ് ഉമേഷ് രക്ഷപ്പെട്ടത്. ഇയാള്‍ ഒന്നാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ചാട്ടത്തില്‍ കാല് ഒടിയുകയും ചെയ്തു. ഇവിടെ നിന്ന് രക്ഷപ്പെട്ട ഉമേഷ് പോലീസില്‍ പരാതിപ്പെട്ടു. പോലീസ് ലാല്‍വാനിയുടെ ഫ്‌ളാറ്റില്‍ നടത്തിയ തെരച്ചിലില്‍ നാല് ഓട്ടോ ബാഡ്ജുകളും ചിലരുടെ ഡ്രൈവിംഗ് ലൈസന്‍സുകളും കണ്ടെടുത്തു. സമാനമായ രീതിയില്‍ മറ്റു ഡ്രൈവര്‍മാരെയും ഇവര്‍ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയുണ്ടണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
-എജെ-