സഫിയ വധക്കേസ്: ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷ
കാസര്‍ഗോഡ്: കോളിളക്കം സൃഷ്ടിച്ച സഫിയ കൊലപാതകക്കേസിലെ ഒന്നാം പ്രതി പൊവ്വല്‍ മാസ്തിക്കുണ്ട് സ്വദേശിയും ഗോവയിലെ കരാറുകാരനുമായ കെ.സി. ഹംസക്ക് വധശിക്ഷ. 10 ലക്ഷം രൂപ ഹംസ പിഴയായും അടയ്ക്കണം. ഇതില്‍ എട്ടു ലക്ഷം രൂപയും സഫിയയുടെ കുടുംബത്തിനു നല്‍കണമെന്നും കോടതി വിധിച്ചു. കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുന (38), നാലാം പ്രതി മൈമുനയുടെ സഹോദരന്‍ കുമ്പള ആരിക്കാടിയിലെ എം.അബ്ദുള്ള (58) എന്നിവര്‍ക്കു മൂന്നു വര്‍ഷം തടവും 5,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എം.ജെ .ശക്തിധരനാണു കേസില്‍ വിധി പറഞ്ഞത്.
പ്രതികള്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കേണ്ടി വരുമെന്നും ശിക്ഷ പ്രഖ്യാപിച്ചുകൊണ്ടു കോടതി വ്യക്തമാക്കി. മൂന്ന് പ്രതികളും കുറ്റക്കാരാണെന്നു ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയും ഹംസയുടെ വീട്ടില്‍ സഫിയയെ ജോലിക്കു നിര്‍ത്താന്‍ ഇടപാടാക്കിക്കൊടുക്കുകയും ചെയ്ത മടിക്കേരി അയ്യങ്കേരി ദൊഡ്ഡപ്പള്ളി സ്വദേശി മൊയ്തുഹാജി (59), ആദൂര്‍ എഎസ്‌ഐയായിരുന്ന അഞ്ചാം പ്രതി പി.എന്‍. ഗോപാലകൃഷ്ണന്‍ (57) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിടുകയും ചെയ്തിരുന്നു. കൊലപാതകം, അന്യായമായി തടങ്കലില്‍വയ്ക്കല്‍, തട്ടിക്കൊണ്ടു പോകല്‍, തെളിവു നശിപ്പിക്കല്‍, കുറ്റകൃത്യം മറച്ചുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ഹംസ ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടിരുന്നു.
കര്‍ണാടക കുടക് അയ്യങ്കേരി സ്വദേശികളായ മൊയ്തു-ആയിഷ ദമ്പതികളുടെ മകള്‍ 13 വയസുകാരി സഫിയയെ 2005 ജൂണ്‍ 15-നാണ് വീട്ടുജോലിക്കായി ഒന്നാം പ്രതി ഹംസയുടെ മാസ്തിക്കുണ്ടിലെ വീട്ടിലേക്കു കൊണ്ടുവരുന്നത്. പിന്നീട് ഹംസ സഫിയയെ ഗോവയിലെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. 2006 ഡിസംബര്‍ 21-നു സഫിയയെ കാണാനില്ലെന്നു കാണിച്ച് പിതാവ് മൊയ്തു നല്‍കിയ പരാതിയാണ് കേസിന്റെ തുടക്കം. ഹംസയാണ് മൊയ്തുവിനെക്കൂട്ടി ആദൂര്‍ പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കിയത്. സഫിയയെ മാസ്തിക്കുണ്ടിലെ തന്റെ വീട്ടിലെത്തിച്ചിട്ടുണ്ടെന്നും കൂട്ടിക്കൊണ്ടുപോകാനെത്തണമെന്നും തലേദിവസം ഹംസ മൊയ്തുവിനെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. ഇതുപ്രകാരം മാസ്തിക്കുണ്ടില്‍ എത്തിയപ്പോള്‍ സഫിയ ഇവിടെയുണ്ടായിരുന്നെന്നും കാണുന്നില്ലെന്നും ഹംസ മൊയ്തുവിനോടു പറഞ്ഞത്. ഇതേത്തുടര്‍ന്നാണു പരാതി നല്‍കിയത്.
ഈ കേസില്‍ പോലീസ് കാര്യമായി അന്വേഷണമൊന്നും നടത്തിയിരുന്നില്ല. 2007-ല്‍ സഫിയയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം ആരംഭിച്ചു. മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 83 ദിവസം നീണ്ടുനിന്ന സമരത്തിനു ശേഷമാണ് 2008 മേയില്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ഈ അന്വേഷണത്തിലാണ് ഗോവയിലെ വീട്ടില്‍വച്ച് ഹംസ സഫിയയെ കൊലപ്പെടുത്തി കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളില്‍ ഇട്ട് നിര്‍മാണം നടക്കുന്ന ഡാം സൈറ്റില്‍ കുഴിച്ചിട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് എസ്പി കെ.പി. ഫിലിപ്പ്, ഡിവൈഎസ്പി കെ.വി.സന്തോഷ് എന്നിവരാണു കേസന്വേഷിച്ചത്. ദൃക്‌സാക്ഷികളൊന്നുമില്ലാത്ത ഈ കേസ് ശാസ്ത്രീയമായ തെളിവുകള്‍ അവലംബിച്ചാണു തെളിയിച്ചത്.
-എജെ-