ഐഎസ് ബന്ധം:ഡബ്ലിനില്‍ ഗാര്‍ഡ ആന്റി ടെറര്‍ യൂണിറ്റ് ഒരാളെ അറസ്റ്റ് ചെയ്തു

 

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് ഐഎസ് തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ ഗാര്‍ഡ ആന്റി ടെറര്‍ യൂണിറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച അയര്‍ലന്‍ഡില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോയ ഇയാള്‍ ഗാര്‍ഡയുടെ നിരീക്ഷണത്തിലായിരുന്നു. തുര്‍ക്കിയിലേക്ക് പോയ ഇയാളെ ഇസ്താംബുളിലെത്തിയപ്പോള്‍ പാസ്‌പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് അധികൃതര്‍ അയര്‍ലന്‍ഡിലേക്ക് തിരികെയയ്ക്കുകയായിരുന്നു. സിറിയയില്‍ നടക്കുന്ന ഐഎസ് പോരാട്ടത്തില്‍ പങ്കെടുക്കാന്‍ യൂറോപ്പില്‍ നിന്നു പോകുന്ന ആയിരക്കണക്കിന് ഐഎസ് അനുഭാവികളടെയും അയര്‍ലന്‍ഡില്‍ നിന്നു പോകുന്ന ഡസണ്‍ കണക്കിന് ഐഎസ് അനുകൂലികളുടെയും സഞ്ചാരമാര്‍ഗമാണ് തുര്‍ക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ ഡബ്ലിനില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോയത്. ഇസ്താംബുളില്‍ നിന്ന് തിരിച്ചയച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഇയാള്‍ ഡബ്ലിനിലെത്തി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നില്ലെന്നും എന്നാല്‍ മുപ്പതുവയസുകാരനായ ഇയാള്‍ ഗാര്‍ഡയുടെ ശക്തമായ നിരീക്ഷണത്തിലായിരുന്നുവെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി.

തുടര്‍ന്ന് തിങ്കളാഴ്ച ഇയാളെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഡബ്ലിനിലെ ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും അറസ്റ്റ് ചെയ്ത ഇയാളെ സിറ്റി സെന്റര്‍ ഗാര്‍ഡ സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയും ഇയാളുടെ കൈയ്യിലെ ഈസ്‌റ്റേണ്‍ യൂറോപ്യന്‍ പാസ്‌പോര്‍ട്ടിനെക്കുറിച്ച് അന്വേഷിച്ച ഗാര്‍ഡ ഇത് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ആന്റി ടെററിസ്റ്റ് ഓഫീസേഴ്‌സും സ്‌പെഷ്യല്‍ ഡിക്ടറ്റീവ് യൂണിറ്റും ചോദ്യം ചെയ്യുകയും കേസൊന്നും ചാര്‍ജ് ചെയ്യാതെ വിട്ടയയ്ക്കുകയും ചെയ്തു.

എന്നാല്‍ ഇയാളുടെ മേലുള്ള നിരീക്ഷണം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് DPP യ്ക്കായി ഫയര്‍ തയാറാക്കുകയാണെന്നും എന്നാല്‍ ഗാര്‍ഡയ്ക്ക് ഇയാളുടെ പക്കല്‍ നിന്ന് ഐഎസ് തീവ്രവാദ ബന്ധം തെളിയിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇയാള്‍ ഐഎസ് അനുഭാവമുള്ളയാളാണെന്നാണ് സൂചന.

ടൂണിഷ്യയില്‍ മൂന്നു ഐറിഷുകാര്‍ കൊല്ലപ്പെട്ട രീതിയിലുള്ള തീവ്രവാദ ആക്രമണം എവിടെയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് കഴിഞ്ഞ ദിവസം ഗാര്‍ഡ കമ്മീഷണര്‍ നോയ്‌റിന്‍ ഒസല്ലിവന്‍ പറഞ്ഞിരുന്നു. ടൂണിഷ്യയിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഐറിഷുകാരുടെ പേരുകള്‍ വേദനയ്‌ക്കൊപ്പം ജാഗ്രത പാലിക്കുന്നതിനും കാരണമായി എന്ന് ഒസല്ലിവന്‍ പറഞ്ഞു. അയര്‍ലന്‍ഡ് മുന്‍കാലങ്ങളില്‍ തദ്ദേശീയമായ തീവ്രവാദ ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ പുതിയ വെല്ലുവിളികളെയും കരുതിയിരിക്കണമെന്ന് ഒസല്ലിവന്‍ പറഞ്ഞു. പുതിയ തീവ്രവാദഭീഷണികളെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണമെന്നും ഒസല്ലിവന്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: