നിങ്ങള്‍ക്കൊരു കു‍ഞ്ഞുണ്ടോ…കോളേജ് പഠനം വരെയുള്ള ചെലവ് ഒരു ലക്ഷം യൂറോ വരുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഒരു കുഞ്ഞിന്‍റെ ജനനം മുതല്‍ കോളേജ് പഠനം വരെ വരുന്ന ചെലവ് ചുരുങ്ങിയത് ഒരു ലക്ഷം യൂറോ എങ്കിലും വരുമെന്ന് റിപ്പോര്‍ട്ട്. ചൈല്‍ഡ്കെയര്‍ ചെലവുകളാണ് കുട്ടികളുമായി ബന്ധപ്പെട്ട ചെലവഴിക്കലില്‍ മുന്നില്‍ നില്‍ക്കുന്നത്. ശരാശരി വാര്‍ഷിക ചെലവ് നാലായിരം യൂറോ വരെ വരും. തങ്ങള്‍ക്ക് താങ്ങാവുന്ന വിധത്തില്‍ കുട്ടികള്‍ക്ക് കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നതിന് കടുത്ത സമ്മര്‍ദം അനുഭവിക്കുന്നതായി ലയ ഇന്‍ഷുറന്‍സ് കൂടി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ രക്ഷിതാക്കള്‍ പറയുന്നു. എംപതി റിസര്‍ച്ചുമായി നടത്തിയ പഠനം ആയിരത്തോളം രക്ഷിതാക്കളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.

മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നു അവരുടെ ആദ്യ ഇരുപത്തിയൊന്ന് വര്‍ഷം വരെയാണ്. ഭക്ഷണം, വസ്ത്രം,ചൈല്‍ഡ് കെയര്‍, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഒരു കുടുംബം ശരാശരി €11,033 ആണ് വാര്‍ഷികമായി കുട്ടികള്‍ക്കായി ചെലവാക്കുന്നത്. ചൈല്‍ഡ് കെയറിന് മാത്രമായി €4,094വരെയാണ് വര്‍ഷം ചെലവഴിക്കേണ്ടി വരുന്നത്. വാര്‍ഷിക ചെലവഴിക്കലില്‍ ഓരോ കുടുംബത്തിന്‍റെയും ഏറ്റവും കൂടിയ ചെലവും ചൈല്‍ഡ് കെയറിന് വേണ്ടിയുള്ളതാണ്. ഡിഗ്രിലെവല്‍ പഠനത്തിനുള്ള ഫീസ് വര്‍ഷം €4,056 വരുന്നതാണ് രണ്ടാമത്തെ വലിയ ചെലവ്. സ്കൂള്‍ പുസ്തകം, യൂണിഫോം , മറ്റ് പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് സ്കൂള്‍ തലത്തില്‍ വരുന്ന ചെലവ് വര്‍ഷം €1,707വരും.

കുട്ടികളുടെ ചെലവ് പരിഗണിച്ച് കഴിഞ്ഞാല്‍ പത്തില്‍ആറ് രക്ഷിതാക്കളും നാളേയ്ക്കായി കരുതിവെയ്ക്കാന്‍ കൈയ്യില്‍ തുകയൊന്നും തന്നെ ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്നു. കുട്ടികളുടെ 15-17 വയസിന് ഇടിയിലാണ് രക്ഷിതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത്. മാസം €1,068 വരെ കുട്ടികള്‍ക്കായി ഈ പ്രായത്തില്‍ ചെലവ് വരും. മക്കള്‍ സ്വയം പര്യാപ്തരാകുന്ന വയസ് ശരാശരി 24 വയസാണ്.

മക്കള്‍ ആദ്യമായി വീട് വാങ്ങുമ്പോള്‍ രക്ഷിതാക്കള്‍ സഹായിക്കാന്‍ തത്പരരാണ്. ഭൂരിഭാഗം രക്ഷിതാക്കലും ഇതിനായി പണം മാറ്റിവെയ്ക്കാന്‍ താത്പര്യപ്പെടുന്നവരുമാണ്. വിവാഹത്തിന് സഹായിക്കണമെന്നാണ് മറ്റൊരു താത്പര്യം. സ്വന്തമായി കുടുംബമായി മാറി താമസിക്കുമ്പോള്‍ മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് മൂന്നില്‍ ഒരു രക്ഷിതാവ് വീതം ആഗ്രഹിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്ന് പോകുമ്പോഴും മക്കളുടെ സാമ്പത്തിക സ്ഥിരതയ്ക്കായി തങ്ങള്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് രക്ഷിതാക്കളെന്ന് പഠനം വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: