തൊഴില്‍ തട്ടിപ്പ്… ഇന്ത്യന്‍ ജോലിക്കാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടു കോടി ഡോളര്‍ നല്‍കാന്‍ ധാരണ

ന്യൂയോര്‍ക്ക്: തൊഴില്‍ ചൂഷണത്തിനും കബളിപ്പിക്കലിനും വിധേയരായ 200 ഇന്ത്യന്‍ ജോലിക്കാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടു കോടി ഡോളര്‍ നല്‍കാന്‍ ധാരണ. സിഗ്‌നല്‍ ഇന്റര്‍നാഷനല്‍ എന്ന മറൈന്‍ കമ്പനിക്കെതിരെ നടന്ന നിയമപോരാട്ടങ്ങള്‍ക്കുശേഷം നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പിന് കമ്പനിസമ്മതിക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ട ഈ ജോലിക്കാരോട് കമ്പനി മാപ്പു പറയുകയും ചെയ്യും.

കത്രീന കൊടുങ്കാറ്റിനുശേഷം കേടുവന്ന എണ്ണ റിംഗുകളുടെ തകരാറു പരിഹരിക്കുന്നതിനായി 200 ഇന്ത്യന്‍ തൊഴിലാളികളെ വലിയ വാഗ്ദാനങ്ങള്‍ കൊടുത്ത് കമ്പനി കൊണ്ടുപോയത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.വെല്‍ഡര്‍, പൈപ്പ് ഫിറ്റര്‍ തുടങ്ങി വിവിധ ജോലിക്കായാണ് ഇവരെ 2006ല്‍കൊണ്ടുപോന്നത്.ഇവര്‍ക്ക് ജോലി ചെയ്യുന്നതിനാവശ്യമായ ഗ്രീന്‍ കാര്‍ഡോ പെര്‍മനെന്റ് റെസിഡന്‍സിയോ ഒന്നും നല്‍കിയില്ല.

അവര്‍ക്കും കുടുംബത്തിനും പൗരത്വം ലഭിക്കും എന്ന വാഗ്ദാനം ഉണ്ടായിരുന്നതിനാല്‍ വന്‍തുക ഫീസായി നല്‍കിയാണ് വിസ നേടിയത്. പലരും നാട്ടിലെ സ്വത്തുക്കള്‍പോലും വിറ്റിരുന്നു. വളരെ പ്രതീക്ഷയോടെ ജോലിക്കെത്തിയ ഇവര്‍ക്ക് ദുരനുഭവങ്ങളാണ് ഉണ്ടായത്. 24 പേര്‍ക്ക് താമസിക്കാന്‍ ഇടുങ്ങിയ ഒറ്റമുറിയാണ് നല്‍കിയത്. ദുര്‍ഘട സാഹചര്യത്തിലും മറ്റും താമസിക്കാന്‍ നിര്‍ബന്ധിതരാക്കിയതിനുപുറമെ 1050 ഡോളറോളം മാസം ഫീസായി അടയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

എന്നാല്‍ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതെ വന്നതോടെയാണ് തൊഴിലാളികള്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്. നീണ്ട ഏഴുവര്‍ഷത്തോളം നീതിക്കായി ഈ തൊഴിലാളികള്‍ കാത്തിരിക്കുകയായിരുന്നുവെന്നും ഈ വിധി ഗസ്റ്റ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പാണെന്നും എസ്പിഎല്‍സി ഡെപ്യൂട്ടി ലീഗല്‍ ഡയറക്ടര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: