ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുന്ന ദിവസം ശ്രീനഗറില്‍ ഐ.എസ്, പാകിസ്താന്‍, ലഷ്‌കര്‍ഇതൊയ്ബ എന്നിവയുടെ പതാകകള്‍ വീശി വിഘടനവാസികള്‍ പ്രകടനം നടത്തിയത് വിവാദമാകുന്നു. ശ്രീനഗറിലെ നൊഹാട്ടയില്‍ മുഖം മറച്ച ചില യുവാക്കളാണ് പതാകകള്‍ വീശിയത്. വിഘടനവാദികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷമാണ് പ്രദേശത്ത് പതാകകള്‍ ഉയര്‍ന്നത്. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതോടെ സാഹചര്യം കൂടുതല്‍ വഷളാക്കി. ഒടുവില്‍ ടിയര്‍ ഗ്യാസ് ഉള്‍പ്പെടെ ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. കഴിഞ്ഞ ചില മാസങ്ങള്‍ക്കിടയില്‍ നിരവധിത്തവണയാണ് കാശ്മീരില്‍ ഐ.എസ് പതാകയും പാക് പതാകയും പ്രത്യക്ഷപ്പെട്ടത്. ഇസ്ലാമിക് സ്‌റ്റേറ്റിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
അതേ സമയം ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സേന നടത്തിയ വെടിവയ്പില്‍ ഇന്നലെ രാത്രി മൂന്നു പേര്‍ക്ക് കൂടി പരിക്കേറ്റു. ജമ്മുകശ്മീര്‍ ധനമന്ത്രിയായ ഗിരിധരിലാല്‍ ദോഗ്രയുടെ ജന്മശതാബ്ധി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ജമ്മുവിലെത്തിയ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ച് മൗനം പാലിച്ചു. 1998ല്‍ ഇഎംഎസ് നമ്പൂതിപ്പാടിന്റെ സംസ്‌കാരത്തില്‍ എല്‍ കെ അദ്വാനി പങ്കെടുത്തത് രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ പാടില്ല എന്നതിന് ഉദാഹരണമാണെന്ന് മോദി പറഞ്ഞു. സന്ദര്‍ശനത്തിന്‍റെ ഭാഗമായി മോദി സംസ്ഥാന ഗവര്‍ണ്ണര്‍ എന്‍എന്‍ വോറ, മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്ദ് എന്നിവരുമായി ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി.
പാക് സംഘര്‍ഷത്തില്‍ ആര്‍എസ് പുര സെക്ടറില്‍ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകര്‍ത്തു. പ്രകോപനത്തിനു മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ ഇന്നലെ മുന്നറിയിപ്പു നല്കിയിരുന്നു. എന്നാല്‍ പ്രസംഗത്തില്‍ മോദി സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെടുകയായിരുന്നു ചെയ്തത്. ഇഎംഎസിന്റ സംസ്‌കാരത്തിന് സത്യപ്രതിജ്ഞ ചെയ്ത ദിവസം ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ കെ അദ്വാനി എത്തിയത് പൊതുജീവിതത്തിലെ മാന്യതയുടെ ഉദാഹരണമാണെന്നും മോദി പറഞ്ഞു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു ശേഷവും ഇന്ത്യാ പാകിസ്ഥാന്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. ഇതാണ് സംഘര്‍ത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കാനുള്ള കാരണം