കതിരൂര്‍ മനോജ് വധം: പി. ജയരാജന്‍ പ്രതിയാകുമെന്നു സൂചന

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ തയാറാക്കിയ കുറ്റപത്രത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിനുള്ള പങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നു സൂചന. ജയരാജന്‍ കേസില്‍ പ്രതിയാകുമെന്നു സിബിഐ പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം പ്രതിയാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നു ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പ്രതിയാകുമെന്ന് അദ്ദേഹത്തിനുതന്നെ കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളതായി സിബിഐ കേന്ദ്രങ്ങള്‍ സൂചന നല്‍കി.

കേസിലെ മുഖ്യപ്രതി വിക്രമനും ജയരാജനും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും വിക്രമന്‍ ജയരാജന്റെ വലംകൈയാണെന്നുമാണു സിബിഐയുടെ കണ്ടെത്തല്‍. ഇതിന്റെ വിവരങ്ങള്‍ കുറ്റപത്രത്തിലുണ്ട്. തിരുവനന്തപുരത്തു വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോള്‍ത്തന്നെ കേസ് സംബന്ധിച്ച തെളിവുകള്‍ ജയരാജനു ബോധ്യപ്പെട്ടെന്നും അതുകൊണ്ടാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിനു കോടതിയെ സമീപിച്ചിട്ടുള്ളതെന്നും സിബിഐ കേന്ദ്രങ്ങള്‍ പറയുന്നു.

കേസില്‍ കഴിഞ്ഞ ദിവസം ജയരാജന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. കേസ് ഈ മാസം 22-ലേക്കു മാറ്റിയിരിക്കുകയാണ്. നിലവില്‍ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നും ഭാവിയില്‍ നടക്കാന്‍ പോകുന്നു എന്നു പറയുന്ന കാര്യത്തിന് മുന്‍കൂര്‍ ജാമ്യം നല്‌കേണ്ട ആവശ്യമില്ലെന്നുമാണു ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ നിലപാട്. കേസില്‍ സിബിഐ തന്നെ അന്യായമായി പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണു ജയരാജന്‍ ഹര്‍ജി നല്കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: