ആഴ്ച്ചയില്‍ 70 മണിക്കൂറുകള്‍ വരെ ജോലിനോക്കിയ പൂര്‍ണ്ണ ഗര്‍ഭിണിക്ക് നഷ്ടപരിഹാരം

ഡബ്ലിന്‍: ഇഖ്വാളിറ്റി ട്രിബൂണലിന്റെ വിധിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായി ജോലിനോക്കിയ യുവതിക്ക് 55,000 യൂറോയുടെ നഷ്ടപരിഹാരം ലഭിക്കും. എവലീന ഗസക്ക് എന്ന പോലിഷുകാരി മുമ്പ് ജോലിനോക്കിയിരുന്ന ഡബ്ലിനിലെ ഇലാക്ക് സെന്‍ട്രലിലുള്ള യൂറോ 50 സ്‌റ്റോറിനെതിരെ നല്‍കിയ പരാതിയിലാണ് വിധി പ്രസ്താവിച്ചത്.

യുവതി ജോലിസ്ഥലത്ത് പലതരത്തിലുള്ള അധിക്ഷേപങ്ങള്‍ക്കും ഇരയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു സ്ത്രീ ആയതിനാലും അവളുടെ ഗോത്രത്തിന്റെ പേരിലും കുടുംബ പശ്ചാത്തലത്തിന്റെ പേരിലുമെല്ലാം ഈ സ്ത്രീ ജോലി സ്ഥലത്ത് അവഗണിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട.

2011 ലാണ് 50 യൂറോ ശമ്പളത്തില്‍ സെയില്‍സ് അസിസ്റ്റന്റായി ഗസക്ക് ഇലാക്ക് സെന്‍ട്രലില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇത് ഏറ്റവും കുറഞ്ഞ വേതനനിരക്കാണ്. മൂന്നു മാസത്തിനുള്ളില്‍ ട്രെയിനീ മനേജരായി മാറിയ ഗസക്ക് 2011 ഡിസംബറില്‍ ബ്രാഞ്ച് മാനേജരായി നിയമിക്കപ്പെട്ടു. മണിക്കൂറിന് 8.65 യൂറോ നിരക്കില്‍ ആഴ്ച്ചയില്‍ 60 മുതല്‍ 70 മണിക്കൂറുകള്‍ വരെ ജോലി നോക്കിയിരുന്നു.

എന്നാല്‍ 2012 ഫെബ്രുവരിയില്‍ ഗസക്ക് ഗര്‍ഭിണി ആയതോടെ സ്ഥാപനത്തിലെ മേലധികാരി വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത്. ടോയലറ്റില്‍ പോകുന്നതിനുള്ള ഇടവേളകളെപ്പോലും എടുത്തുകളയുന്ന നയമാണ് അവര്‍ സ്വീകരിച്ചിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് ഗസക്കിനെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തു.

ഇതേ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഗസക്ക് നല്‍കിയ പരാതിയിന്മേലാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. എംബ്ലോയ്‌മെന്റ് ഇഖ്വാളിറ്റി ആക്ട് 1998-2011 ന്റെ ലംഘനവും നടന്നതായി കണ്ടെത്തിയിരുന്നു. ഗസക്ക് ജോലിസ്ഥലത്തു നേരിട്ട പീഡനം, 18 മാസത്തെ ശമ്പളം എന്നീ ഗണത്തില്‍പ്പെടുത്തി 33,000 യൂറോയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനായി ഒരു വര്‍ഷത്തെ ശമ്പളമായി 22,000 യൂറോയുമാണ് നഷ്ടപരിഹാരമായി കമ്പനി ഗസക്കിനു നല്‍കേണ്ടത്.

എഎസ്

Share this news

Leave a Reply

%d bloggers like this: