ഡബ്ലിന്‍: യൂറോപ്പില്‍ 19 ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന വംശീയ അധിക്ഷേപങ്ങള്‍ക്കുള്ള മറുപടിയെന്നോണം അവതരിപ്പിക്കപ്പെട്ട ‘ഹുമന്‍ സൂ’ ഗാല്‍വെയില്‍ പ്രദര്‍ശനത്തിനെത്തി. മാസങ്ങള്‍ക്ക് മുമ്പ് വ്യാപകമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ലണ്ടനില്‍ നിരോധിക്കപ്പെട്ട ചിത്രമാണ് ഹുമന്‍ സൂ.
തിങ്കളാഴ്ച്ച വരെ നടക്കുന്ന ഗാല്‍വെ ഇന്റര്‍നാഷണല്‍ ആര്‍ട്ട്‌സ് ഫെസ്റ്റിവലിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ കലാകാരനായ ബ്രെട്ട് ബെയ്‌ലി ഒരുക്കിയ ചിത്രമാണ് ഹുമന്‍ സൂ. മനുഷ്യനെ മൃഗങ്ങള്‍ക്കു സമാനമായി പ്രദര്‍ശനത്തിനു വച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഹുമന്‍ സൂവിലൂടെ സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.
ആഫ്രിക്കന്‍ ഗോത്ര വര്‍ഗ്ഗക്കാരെയാണ് ഇത്തരത്തില്‍ പ്രദര്‍ശനത്തിനു വച്ചിരുന്നത്. 19 ാം നൂറ്റാണ്ടില്‍ ഇത്തരത്തിലുള്ള വംശീയ ആധിക്ഷേപം നിലനിന്നിരുന്നതായും അക്കാര്യമാണ് ഹുമന്‍ സൂവിലൂടെ ചിത്രീകരിച്ചതെന്നും സംഘാടകര്‍ വ്യക്തമാക്കി. യൂറോപ്പും ആഫ്രിക്കയും തമ്മിലുള്ള ബന്ധത്തിന്റെ മറ്റൊരു വശമാണ് ഹുമന്‍ സൂവിലുള്ളതെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടു.
കറുത്ത വര്‍ഗ്ഗക്കാരെ ഉപയോഗിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം യാഥാര്‍ത്ഥ്യത്തെയാണ് വരച്ചു കാണിക്കുന്നതെന്ന സത്യം അംഗീകരിക്കുവാനാവാത്തവരാണ് ചിത്രത്തിനെതിരെ നിലകൊള്ളുന്നതെന്നാണ് സംഘാടകര്‍ അഭിപ്രായപ്പെട്ടത്. അല്പ വസ്ത്രധാരികളായും മറ്റും ഇതില്‍ കറുത്തവര്‍ഗ്ഗക്കാര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
എഎസ്