മിനിമം കൂലി മണിക്കൂറിന് 9.15 യൂറോ ആയി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

 

ഡബ്ലിന്‍: രാജ്യത്തെ മിനിമം കൂലി മണിക്കൂറില്‍ 8.65 യൂറോ 9.15 യൂറോ ആയി വര്‍ധിപ്പിക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായി സൂചന. തൊഴില്‍ മന്ത്രി ജെഡ് നാഷിന് ഏതാനും ദിവസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. കമ്മീഷന്റെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചാന്‍ നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും 1014 യൂറോയുടെ വാര്‍ഷിക ശമ്പള വര്‍ധനവ് പ്രതീക്ഷിക്കാം. മിനിമം കൂലിയില്‍ 50 സെന്റിന്റെ വര്‍ധനയാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ തൊഴിലുടമകളുടെയും കമ്പനികളുടെയും എതിര്‍പ്പുണ്ടാകാനിടയുണ്ട്. തൊഴിലാളി സംഘടനകളും സാമൂഹ്യ നീതി സംഘടനകളും മിനിമം കൂലി വര്‍ധിപ്പിക്കുന്നതിനായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അടുത്ത ബജറ്റിനു മുന്‍പ് ശമ്പള പരിഷ്‌ക്കരണമുണ്ടാകുമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി വ്യക്തമാക്കിയിരുന്നു. ദേശീയ മിനിമം കൂലി വര്‍ധിപ്പിക്കുമെന്ന് നേരത്തേ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ തൊഴിലാളി സംഘടനകളുടെ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

പിആര്‍എസ് ഐയില്‍ ലയിപ്പിക്കുന്ന ചാര്‍ജുകള്‍ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതും നടപ്പായാല്‍ മിനിമം കൂലിയില്‍ ഒരു യൂറോയുടെ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരുടെ സംഘടനകള്‍.

മുന്‍ സര്‍ക്കാര്‍ മിനിമം കൂലിയില്‍ 1 യൂറോയുടെ കുറവ് വരുത്തിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ് പഴയ നിരക്ക് പുനസ്ഥാപിക്കുകയായിരുന്നു. തൊഴില്‍ മന്ത്രി അടുത്തയാഴ്ച കമ്മീഷന്റെ ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് മന്ത്രിസങയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.

-എജെ-

Share this news

Leave a Reply

%d bloggers like this: