ഹരാരെ: സിംബാബ്‌വേയ്‌ക്കെതിരായ അവസാന ട്വന്റി-20യില്‍ ഇന്ത്യ 10 റണ്‍സിനു തോറ്റു. വിജയലക്ഷ്യമായ 146 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യക്കു 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഇതോടെ രണ്ടു മത്സരങ്ങളുണ്ടായിരുന്ന ട്വന്റി-20 പരമ്പര സമനിലയിലായി. ആദ്യ രാജ്യാന്തര ട്വന്റി ട്വന്റി അരങ്ങേറ്റ മല്‍സരത്തില്‍ സഞ്ജു സാംസണ്‍ 19 റണ്‍സെടുത്ത് പുറത്തായി. 24 പന്തില്‍ 19 റണ്‍സെടുത്ത സഞ്ജു സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്.
42 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അജിങ്ക്യ രഹാനേയും കേദാര്‍ ജാദവും റണ്ണൗട്ടായി. സ്റ്റുവര്‍ട്ട് ബിന്നി 24ഉം മുരളി വിജയ് 13ഉം റണ്‍സെടുത്ത് പുറത്തായി. മനീഷ് പാണ്ഡെ പൂജ്യത്തിനാണ് പുറത്തായത്. സിംബാബ്‌വെയ്ക്കുവേണ്ടി ക്രാമര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് 67 റണ്‍സെടുത്ത ചിബാബയാണ് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. 19 റണ്‍സെടുത്ത മസാകട്്‌സയെ പുറത്താക്കി പേസര്‍ സന്ദീപ് ശര്‍മ ആദ്യ രാജ്യാന്തര വിക്കറ്റ് സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാറും മോഹിത് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്ഷര്‍ പട്ടേലും, സ്റ്റുവര്‍ട്ട് ബിന്നിയും ഓരോ വിക്കറ്റ് വീതം നേടി.