തൃശൂര്‍: ട്രെയിനില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന ആര്യ സുരേഷ്(16) മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം. ഇന്നു ഉച്ചയ്ക്കുശേഷം ആര്യയ്ക്ക് ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിനു കാരണമായത്. ആര്യയുടെ ജീവന് രക്ഷിക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും എല്ലാം വിഫലമാക്കിക്കൊണ്ട് നാലരയോടെ ആര്യ മരണത്തിനു കീഴടങ്ങുകയായിരുന്നു. കോന്നിയില്‍ നിന്ന് നാടുവിട്ട മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളാണ് ആര്യ സുരേഷ്. മരണസമയത്ത് ആര്യയുടെ സഹോദരനും അമ്മയും ആശുപത്രിയിലുണ്ടായിരുന്നു.
മറ്റ് രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ റെയില്‍വേ പാളത്തില്‍ കണ്ടെത്തിയിരുന്നു. നാളെ പൊലീസ് ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ആര്യയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.കോന്നി പെണ്‍കുട്ടികള്‍ നാടുവിട്ടതിനെക്കുറിച്ചും ദുരൂഹമരണത്തെക്കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആര്യയും മരണപ്പെട്ടത്. ആര്യയ്ക്കൊപ്പം നാടുവിട്ട ഐരവണ്‍ സ്വദേശി ആതിര, തെങ്ങുംകാവ് സ്വദേശി എസ്. രാജി എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. ഇവരുടെ മൃതദേഹത്തിനു സമീപത്തായി ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ആര്യയെ കണ്ടെത്തിയത്. ആര്യയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇടയ്ക്ക് ആര്യയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞദിവസം ന്യൂമോണിയ ബാധിച്ചതോടെ സ്ഥിതിഗതികള്‍ ആശങ്കാജനകമാകുകയായിരുന്നു. ഇന്നുരാവിലെ ആര്യയുടെ ശ്വാസകോശത്തിനുള്ളില്നിന്നു പഴുപ്പും മറ്റും നീക്കം ചെയ്തിരുന്നു. എന്നാല്‍ ഉച്ചയ്ക്കു ശേഷമുണ്ടായ ഹൃദയാഘാതം ആര്യയ്ക്കുവേണ്ടിയുള്ള ഡോക്ടര്‍മാരുടെ പരിശ്രമങ്ങളും ഉറ്റവരുടെ പ്രാര്‍ത്ഥനകളും വൃഥാവിലാക്കുകയായിരുന്നു.