ഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. പ്രതിയോട് സ്വന്തം നിലയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. തിരുവനന്തപുരം പൂജപ്പുര സ്വദേശി ജയകുമാര്‍ നായരാണ് ആന്റണിയുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
വധ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു.ഇതേ തുടര്‍ന്ന് ആന്റണിയെ തൂക്കിലേറ്റാനുള്ള നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലായിരുന്നു പൊതുപ്രവര്‍ത്തകനായ ജയകുമാര്‍ നായര്‍ കോടതിയെ സമീപിച്ചത്. വധ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കുന്ന ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേട്ട് വിധി പറയണമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധിച്ചിരുന്നു. ഈ അവകാശം ആന്റണിക്കും കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പൊതുതാത്പര്യ ഹര്‍ജി.
എന്നാല്‍ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാനാവില്ലെന്നും പ്രതിക്ക് നേരിട്ട് ഹര്‍ജി നല്‍കാമെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കുകയായിരുന്നു.ആന്റണി സ്വന്തം നിലക്ക് പുതിയ ഹര്‍ജി സമര്‍പ്പിക്കുമെന്ന് കേസില്‍ ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. 2001 ജനുവരി ആറിനായിരുന്നു ആലുവാ മാഞ്ഞൂരാന്‍ വീട്ടിലെ 6 പേരെ ആന്റണി വീട്ടില്‍കയറികൊലപെടുത്തിയത്.
-എജെ-