‘ട്രാഫിക്’ കഥ പോലെ;തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊച്ചിയിലെത്തി, ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയം

തിരുവനന്തപുരം/കൊച്ചി: അവയവ ദാനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ മൃതസഞ്ജീവനി വഴി കേരളത്തില്‍ ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയക്കായി എയര്‍ ആംബുലന്‍സ് സംവിധാനം ഉപയോഗിച്ച് അവയവം തിരുവനന്തപുരത്തുനിന്നു കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച അഡ്വ. നീലകണ്ഠ ശര്‍മയുടെ ഹൃദയമാണു നാവിക സേനയുടെ ഡ്രോണിയര്‍ വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത്. കൊച്ചിയിലെ ലിസി ആശുപത്രിയിലെ രോഗിക്കായാണ് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ ഹൃദയം എത്തിച്ചത്. ഡ്രോണിയര്‍ വിമാനത്തില്‍ നാവികസേനാ ആസ്ഥാനത്ത് എത്തിച്ച ഹൃദയം, അവിടെനിന്ന് റോഡ് മാര്‍ഗം 7 മിനിറ്റ് കൊണ്ട് പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ലിസി ആശുപത്രിയിലെത്തിച്ചത്. ഹൃദയം കൊണ്ടുവരാന്‍ വെല്ലിംഗ്ടണ്‍ ഐലാന്‍ഡ് മുതല്‍ കലൂര്‍ വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

മസ്തിഷ്‌ക മരണം സംഭവിച്ച പാറശാല സ്വദേശി ശ്രീകണ്ഠശര്‍മയുടെ (46) ഹൃദയമാണ് ദാനം ചെയ്തത്. പക്ഷാഘാതം വന്ന അഞ്ചാം തിയതി മുതല്‍ അദ്ദേഹം ശ്രീചിത്ര ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു രാവിലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നീക്കം തുടങ്ങിയത്. ശ്രീകണ്ഠശര്‍മ്മയുടെ ഹൃദയം അങ്കമാലിയിലെ ഓട്ടോെ്രെഡവറായ മാത്യൂവിന് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പുകള്‍ ഹൃദയം എത്തുന്നതിന് മുമ്പ് തന്നെ ലിസി ആശുപത്രിയില്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു കൊച്ചിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരത്തേക്കു തിരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചിയില്‍ നിന്ന് തിരിച്ച ഡോക്ടര്‍മാര്‍ രണ്ടരയോടെ തിരുവനന്തപുരത്ത് എത്തി ഹൃദയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധന്‍ ഡോ. ജോസ് പെരിയപുറത്തിന്റെ നേതൃത്വത്തിലാണ് ഹൃദയശസ്ത്രക്രിയ നടത്തിയത്. ഇവിടെനിന്നു പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വിമാനത്താവളത്തിലേക്കും അവിടെനിന്നു പ്രത്യേക ഡ്രോണിയര്‍ വിമാനത്തില്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലും എത്തിച്ചു. ഒരു മണിക്കൂര്‍ 17 മിനിറ്റെടുത്താണ് ഹൃദയം കൊച്ചിയിലെത്തിച്ചത്. വൈകീട്ട് 6.28ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട മെഡിക്കല്‍ സംഘം രാത്രി 7.45ന് ആശുപത്രിയിലെത്തി. തേവര മുതല്‍ കലൂര്‍ വരെയുള്ള ഭാഗത്തു ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി സൗകര്യമൊരുക്കുകയും

കൊച്ചി സിറ്റി പോലീസിന്റെ എസ്‌കോര്‍ട്ടും ട്രാഫിക്ക് സംഘവും ഹൃദയവുമായി പോകുന്ന ആംബുലന്‍സിനെ മുന്നിലും പിന്നിലുമായി അനുഗമിക്കുകയും ചെയ്തു. 7.50ഓടെ ആരംഭിച്ച നാല് മണിക്കൂര്‍ നീണ്ട ഹൃദയമാറ്റ ശസ്ത്രക്രിയ തുടരുകയാണ്. ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 3 മണിക്കൂര്‍ 48 മിനിറ്റ് കൊണ്ടാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ അങ്കമാലി സ്വദേശി മാത്യൂവിന്റെ ശരീരത്തില്‍ ഹൃദയം പ്രവര്‍ത്തിച്ചുതുടങ്ങി.

കേരളത്തിന്റെ ആരോഗ്യരംഗത്ത് ചരിത്ര നേട്ടമാണ് ഈ ദൗത്യം. നീലകണ്ഠ ശര്‍മ്മയുടെ വൃക്കകള്‍ കിംസ് ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമുള്ള രോഗികള്‍ക്കും നല്‍കും.

-എജെ-

Share this news

Leave a Reply

%d bloggers like this: